ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്; ആദ്യമായി സ്വര്‍ണം കടത്തിയ അബ്ദുള്‍ ഹമീദ് ട്വന്റിഫോറിനോട് – എക്‌സ്‌ക്ലൂസീവ്

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ കസ്റ്റംസിന്റെയും എന്‍ഐഎയുടെയും അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നാം പ്രതി സരിത്തും രണ്ടാം പ്രതി സ്വപ്‌നാ സുരേഷും മൂന്നാം പ്രതി ഫാസില്‍ ഫരീദും നാലാം പ്രതി സന്ദീപ് നായരെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇത് ആദ്യമായല്ല കേരളത്തില്‍ ഡിപ്ലോമാറ്റ് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് നടത്തുന്നത്. ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ ആദ്യമായി സ്വര്‍ണം കടത്തിയ അബ്ദുള്‍ ഹമീദാണ് ട്വന്റിഫോറിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിനെ അറിയിക്കാന്‍ ഒരുങ്ങുകയാണ് അബ്ദുള്‍ ഹമീദ്. മൂന്നുതവണ സ്വര്‍ണം കടത്തിയത് സന്ദീപിന്റെ ആവശ്യപ്രകാരമാണെന്നാണ് അബ്ദുള്‍ ഹമീദ് വെളിപ്പെടുത്തി. കോണ്‍സുല്‍ ജനറലിന്റെ കത്ത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചുവെന്നും അബ്ദുള്‍ ഹമീദ് പറയുന്നു.
‘ സ്വര്‍ണം അയക്കാന്‍ സന്ദീപ് സമീപിച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ തന്നു. ദുബായില്‍ വിസിറ്റിംഗ് വിസയില്‍ പോയാണ് സ്വര്‍ണം അയച്ചത്. മൂന്നുതവണ സ്വര്‍ണം അയക്കുന്നതിനായി ദുബായിലേക്ക് പോയി. രണ്ടുതവണ കൃത്യമായി സ്വര്‍ണം എത്തി. മൂന്നാം തവണ അയച്ച സ്വര്‍ണം എത്തിയില്ല. ഇതിനുശേഷം സന്ദീപുമായി ബന്ധമുണ്ടായിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണമാണെന്ന് അറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ കത്ത് ഉപയോഗിച്ചാണ് സ്വര്‍ണം അയച്ചത്.
കോണ്‍സുല്‍ ജനറലിന്റെ കത്ത് ഉണ്ടെങ്കില്‍ മാത്രമേ ദുബായില്‍ നിന്ന് സാധനങ്ങള്‍ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. സ്വര്‍ണക്കടത്ത് ആവശ്യവുമായി രണ്ടുതവണയാണ് സന്ദീപ് സമീപിച്ചത്. കോണ്‍സുലേറ്റിലേക്ക് ആവശ്യമുള്ള സാധനങ്ങളെന്ന പേരിലാണ് സ്വര്‍ണം കടത്തിയിരുന്നത്. 10 കിലോ തൂക്കം വരുന്ന ബോക്‌സുകളാണ് അയച്ചിരുന്നത്.’ 2019 ലാണ് ഇവ അയച്ചതെന്നും അബ്ദുള്‍ ഹമീദ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി. മാപ്പ് സാക്ഷിയാകാന്‍ തയാറാണെന്നും അബ്ദുള്‍ ഹമീദ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – diplomatic cargo, Twentyfour Exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here