കൊവിഡ് വ്യാപനം: അടിയന്തിര സാഹചര്യം നേരിടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറായിരിക്കണം: മന്ത്രി എ സി മൊയ്തീന്‍

A. C. Moideen

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറായിരിക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണെന്നാണ് ഈ ദിവസങ്ങളിലെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. അത്യന്തം അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. പുതിയ സാഹചര്യവും വെല്ലുവിളികളും നേരിടുന്നതില്‍ തദ്ദേഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ തടസമാകരുത്. ഈ ലക്ഷ്യത്തോടെ നയപരമായ ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ രണ്ടു ഗഡു പ്ലാന്‍ഫണ്ട് നല്‍കിക്കഴിഞ്ഞു. മൂന്നാംഗഡു അടുത്തയാഴ്ച അനുവദിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കല്‍, കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ഡിപിസിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാവുന്നതാണ്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ഏര്‍പ്പെടുത്തും. ഡിപിസികള്‍ ഇത്തരം പ്രോജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതിയാകും.

ഇത്തരത്തില്‍ പ്രോജക്ടുകള്‍ക്കുവേണ്ടി ചെലവഴിക്കുന്ന തുകയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദനീയമായ പ്രോജക്ടുകള്‍ക്കുള്ള തുക ജില്ലാ കളക്ടറില്‍നിന്നും റീ ഇമ്പേഴ്‌സ്‌മെന്റായി അനുവദിക്കും. തദ്ദേശഭരണ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള തുക പ്ലാന്‍ഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കുന്നതാണ്. ദുരിതാശ്വാസ നിധിയില്‍നിന്നും ആവശ്യമായ അധിക തുക ലഭ്യമാക്കുന്നതിന് നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അധിക തുക ലഭ്യമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Story Highlights Local bodies, minister a c moideen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top