സ്വർണക്കടത്ത് കേസിൽ ക്രൈംബ്രാഞ്ച് എൻഐഎ സംഘത്തിന് വിവരങ്ങൾ കൈമാറി

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചർച്ച നടത്തി. കേസിൽ പ്രസക്ത വിവരങ്ങൾ ഉദ്യോഗസ്ഥർ എൻഐഎ സംഘത്തിന് കൈമാറി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയായിരുന്നു ചർച്ച.
അതേസമയം തിരുവനന്തപുരം സ്വർണക്കടത്തിൽ സിനിമ മേഖലയിലും അന്വേഷണം വ്യാപിപ്പിച്ചു. സിനിമ താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചതായി പ്രതികളിലൊരാളായ ഹംജിത് അലി മൊഴി നൽകി. കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ തൊട്ടടുത്ത ദിവസം ഒരിക്കൽ കൂടി ചോദ്യം ചെയ്യും. ഐടി വകുപ്പിലെ മുൻജീവനക്കാരൻ അരുൺ ബാലചന്ദ്രനേയും ഉടൻ ചോദ്യം ചെയ്യും.
Read Also : സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെന്റ്; എംബി രാജേഷ്
പ്രതികൾ സിനിമ മേഖലയിലുള്ളവരുടെ സഹായത്തോടെ സ്വർണം കടത്താനും പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തുന്ന സ്വർണം സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് കള്ളക്കടത്ത് സംഘം താരങ്ങളുടെ സഹായം അവശ്യപ്പെട്ടത്. താരങ്ങൾക്ക് നൽകാമെന്നേറ്റത് വൻപ്രതിഫലമാണ്. കള്ളക്കടത്ത് കേസിൽ അറസ്റ്റിൽ ആയ ഹംജത് അലി ആണ് സിനിമക്കാരെ വിളിച്ചത്.
ധർമജൻ ബോൾഗാട്ടി അടക്കമുള്ള താരങ്ങളെ പ്രതികൾ ഫോണിൽ വിളിച്ചതായി ഹംജത് കസ്റ്റംസിന് മൊഴി നൽകി. അൻവർ അലി എന്ന പേരിലാണ് താരങ്ങളെ വിളിച്ചത്. കൊച്ചി ബ്ലാക്ക് മെയിൽ കേസിലെ ചില പ്രതികൾ സുഹൃത്തുക്കളാണെന്നും ഹംജതിന്റെ മൊഴിയിലുണ്ട്. സ്വർണക്കടത്തിന് ഇടനില സംഘം ബന്ധപ്പെട്ടതിനെ തുടർന്ന് ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴി മുൻപ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി കൈമാറാൻ പൊലീസിനോട് കസ്റ്റംസ് അവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ കസ്റ്റംസ് തൊട്ടടുത്ത ദിവസം രണ്ടാമതും ചോദ്യം ചെയ്യും. മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന് താരങ്ങളുമായുള്ള ബന്ധം കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അരുൺ ബാലചന്ദ്രനെ ഉടൻ ചോദ്യം ചെയ്യും. കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ കൂടി പിടിയിലായി.
Story Highlights – gold smuggling, nia, crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here