പാനൂരിൽ കൊവിഡ് വ്യാപനം രൂക്ഷം; മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷം. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിലാണ് രോഗം വ്യാപിക്കുന്നത്. മേഖലയിലെ നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 28ന് പാനൂർ അണിയാരത്തെ മരണവീട്ടിൽ എത്തിയ എട്ട് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്ത് പറമ്പ് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചു. നാദാപുരം തൂണേരിയിലെ കൊവിഡ് രോഗികളിലൊരാൾ പാനൂരിലെ മരണവീട്ടിൽ എത്തിയതായി സൂചനയുണ്ട്.
Read Also : എറണാകുളം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ
സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പൊലീസ് സ്റ്റേഷൻ പരിധികൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൂത്തുപറമ്പ്, പാനൂർ, ന്യൂ മാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് നിയന്ത്രണം.
മേഖലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുറന്ന് പ്രവർത്തിക്കാം. നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടറുടെ മുന്നറിയിപ്പുണ്ട്. കണ്ണൂർ ജില്ലയിൽ ഇന്നലെ 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്ന് എത്തിയവരും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.
Story Highlights – panur, kannur, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here