ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ച സംഭവം; ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ച് ശരീരത്തില്‍ തുന്നിച്ചേര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോളി ടി ജോസഫിനെതിരെയാണ് കേസ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ കുറുക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പോളി ടി ജോസഫിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ വ്യക്തിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ചുവെന്ന പരാതിയുമായാണ് കുറുക്കഞ്ചേരി സ്വദേശി ജോസഫ് പോളും ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജോസഫ് പോള്‍ മഞ്ഞപിത്തത്തിന് ചികിത്സ തേടി തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഏപ്രില്‍ 25ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഡോ പോളി ടി ജോസഫിനെ കാണുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ജോസഫ് പോളിന്റെ പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം നടത്തിയ സ്‌കാനിംഗില്‍ വീണ്ടും പ്രശ്‌നം കണ്ടെത്തിയതോടെ മെയ് 12ന് രണ്ടാമതൊരു ഓപ്പറേഷന്‍ കൂടി നടത്തി. ശേഷം വീട്ടിലെത്തി ഒരാഴ്ചക്ക് ശേഷം വീണ്ടു ഡോക്ടറെ കാണാനും സിടി സ്‌കാന്‍ എടുക്കാനും ആവശ്യപ്പെട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയാണ് ശരീരത്തില്‍ മറന്നുവെച്ച കത്രിക എടുത്ത് മാറ്റിയതെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിക്കുള്‍പ്പെടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Story Highlights – surgical instrument was forgotten in patients body Police sued case against docter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here