തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്ന് ശശി തരൂർ

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടൻ ലഭ്യമാക്കുമെന്ന് ശശി തരൂർ എംപി. ക്രിട്ടിക്കൽ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച മണ്ഡലത്തിലെ പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് എംപി കൂടുതൽ കൊവിഡ് ടെസ്റ്റ് കിറ്റുകളെത്തിക്കുന്നത്. ഇതിലേക്കായി തന്റെ ഫണ്ടിൽ നിന്നും നേരത്തെ എസ്‌സിടിഐഎംഎസ്ടി ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും 25 ലക്ഷത്തിൽപരം രൂപ വിനിയോഗിക്കാൻ ജില്ലാ കളക്ടറോട് തരൂർ നിർദേശിച്ചു.
നിലവിൽ ഇന്ത്യയിൽ ഐസിഎംആറിന്റെ അനുമതിയുള്ള ഉള്ള ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമാതാവ് മാത്രമാണുള്ളത്. ഒരു ദക്ഷിണകൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ നിർമാണശാലയിൽ ഉണ്ടാക്കുന്നവ ആണിവ. ഇന്ത്യയിലെ ദക്ഷിണകൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ. തിരുവനന്തപുരം കോർപറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകൾ ലഭ്യമാക്കുക.
കൊവിഡ് സാഹചര്യം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 222 പേർക്കാണ്. അതിലും 203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ആരോഗ്യ പ്രവർത്തകർക്കും തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ ലോക്ക് ഡൗൺ ജൂലൈ 28 വരെ നീട്ടി.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധിയാണ് കൊവിഡ് മൂലമുണ്ടായിരിക്കുന്നത്. 20 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർക്ക് കൊവിഡ് രോഗബാധയുണ്ട്. 150തോളം ജീവനക്കാർ നിരീക്ഷണത്തിലാണ്. ആറ് ദിവസത്തിനിടെ 18 പേർക്കാണ് കൊവിഡ് പോസിറ്റീവായത്.
Story Highlights – sashi tharoor, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here