യുഎഇ നയതന്ത്ര പ്രതിനിധിക്ക് പൊലീസ് സുരക്ഷ നൽകിയത് നിയമവിരുദ്ധം : ഐബി റിപ്പോർട്ട്

state tie with uae consulate suspicious says IB report

യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം സംബന്ധിച്ച് സംസ്ഥാനത്ത് ഗുരുതര വീഴ്ചയെന്ന് ഐബി റിപ്പോർട്ട്. പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയുമായും, മന്ത്രിമാരുമായും കോൺസുലേറ്റ് ബന്ധപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യ താത്പര്യത്തിന് വിരുദ്ധമാണ് നടപടിയെന്നാണ് റിപ്പോർട്ട്.

യുഎഇ നയതന്ത്ര പ്രതിനിധിക്ക് പൊലീസ് സുരക്ഷ നൽകിയതും നിയമവിരുദ്ധ നടപടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സുരക്ഷ നൽകിയത് കൃത്യമായ കാരണങ്ങളില്ലാതെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാ ഭീഷണി ഇല്ലായിരുന്നു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ താത്പര്യ പ്രകാരമായിരുന്നു നടപടി. കോൺസുൽ ജനറലിന്റെ അഭാവത്തിൽ അഡ്മിൻ അറ്റാഷേക്കും ഗൺമാനെ നൽകി. നടപടികളിൽ സ്വപ്നയുടെ സ്വാധീനം വ്യക്തമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കേസിലെ പ്രതിയായ ഫൈസൽ ഫരീദിനെ കുറിച്ച് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഫൈസൽ ഫരീദ് പണം ചെലവഴിച്ച മലയാള സിനിമകളെ കുറിച്ചാണ് എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.

നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ്. ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ. കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ. ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു.

Story Highlights state tie with uae consulate suspicious says IB report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top