ചന്ദ്രനിലേക്ക് വനിതയെ അയ്ക്കാന്‍ ഒരുങ്ങി നാസ; ദൗത്യം 2024 ല്‍

ചന്ദ്രനിലേക്ക് വനിതയെ അയ്ക്കാന്‍ ഒരുങ്ങി നാസ. 2024 ല്‍ ഒരു വനിതയെ ചന്ദ്രനില്‍ ഇറക്കുക എന്നതാണഅ നാസയുടെ ലക്ഷ്യം. ആര്‍ടെമിസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ ഘട്ടം ഘട്ടമായാണ് വനിതയുള്‍പ്പെടെയുള്ള സംഘത്തെ ചന്ദ്രനില്‍ എത്തിക്കുക. ആര്‍ടെമിസ് ദൗത്യത്തില്‍ ഓറിയോണ്‍ പേടകമാണ് മനുഷ്യനെ വഹിക്കുക. 2024-ല്‍ ഒരു വനിതയെ ചന്ദ്രനില്‍ ഇറക്കുക, ചന്ദ്രോപരിതലത്തില്‍ പരമാവധി പര്യവേക്ഷണങ്ങള്‍ നടത്തുക, ലഭ്യമാവുന്ന അറിവുകള്‍ അടിസ്ഥാനമാക്കി ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക എന്നിവയൊക്കെയാണ് ആര്‍ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. ആര്‍ടെമിസ് പൂര്‍ത്തിയാവുന്നതോടെ വര്‍ഷവും ചാന്ദ്രയാത്രകള്‍, ചന്ദ്രനില്‍ സ്ഥിരമായ മനുഷ്യ സാന്നിധ്യം എന്നിവ നടപ്പിലാക്കാനാണ് നാസയുടെ ലക്ഷ്യം.

ആര്‍ടെമിസ് എന്ന പേരിനു പിന്നില്‍

ഗ്രീക്ക് ഇതിഹാസത്തില്‍ അപ്പോളോയുടെ ഇരട്ട സഹോദരിയായ ആര്‍ടെമിസ് എന്ന ദേവതയുടെ പേരില്‍ നിന്നാണ് ദൗത്യത്തിന് ആര്‍ടെമിസ് എന്നു പേരു നല്‍കിയത്. 1960-കളില്‍ ലോകശ്രദ്ധനേടിയ അപ്പോളോ ദൗത്യങ്ങളോടും 1969 ജൂലൈ 21-ന് മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ അപ്പോളോ 11 ദൗത്യത്തോടും ബന്ധപ്പെട്ടെ പേരു തന്നെ തെരഞ്ഞെടുക്കുകയായിരുന്നു നാസ. ചൊവ്വാ പര്യവേക്ഷണങ്ങളിലേക്കുള്ള ഒരു ചുവടുവയ്പു കൂടിയാണിതെന്നും നാസ പറയുന്നു. ചന്ദ്രനില്‍ മനുഷ്യ കോളനികള്‍ എന്ന് നാസയുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് ആര്‍ടെമിസ്. ചന്ദ്രനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഭാവി പരീക്ഷണങ്ങള്‍ക്കും ആര്‍ടെമിസ് ദൗത്യത്തിലൂടെ ലഭിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ സഹായകമാവുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

ആര്‍ടെമിസ് ചന്ദ്രനിലിറങ്ങുക ഘട്ടങ്ങളിലായി , മൂന്നാം ഘട്ടത്തില്‍ ചന്ദ്രനെ തൊടും

ചാന്ദ്ര യാത്രയില്‍ യാത്രികരുടെ സുരക്ഷ അതിപ്രധാനമായതുകൊണ്ടു തന്നെ അത് ഉറപ്പു വരുത്താന്‍ ആര്‍ടെമിസ് ദൗത്യം പല ഘട്ടങ്ങളായാണ് നടത്തുന്നത്. ഇതില്‍ ആദ്യഘട്ടമായ ആര്‍ടെമിസ് 1 ആളില്ലാ ദൗത്യമാണ്. എസ്എല്‍എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം )റോക്കറ്റും ഓറിയോണ്‍ ബഹിരാകാശ പേടകവും ടെസ്റ്റ് ചെയ്യാനാണ് ഈ പരീക്ഷണപ്പറക്കല്‍ .

അടുത്ത ഘട്ടമായ ആര്‍ടെമിസ് 2 രണ്ട് മനുഷ്യരെയും വഹിച്ചുകൊണ്ട് ചന്ദ്രനു ചുറ്റുമുള്ള ഒരു പരീക്ഷണപ്പറക്കല്‍ ആയിരിക്കും.

അതും കഴിഞ്ഞാണ് 2024-ല്‍ ആണ് ആര്‍ടെമിസ് 3 ദൗത്യം. ഈ ദൗത്യത്തിലാണ് ഒരു വനിതയടക്കമുള്ള യാത്രികരെ ഉള്‍ക്കൊള്ളുന്ന ഓറിയോണ്‍ പേടകത്തെയും വഹിച്ചുകൊണ്ട് റോക്കറ്റ് ഭൂമിയില്‍ നിന്നു കുതിച്ചുയരുക.


ആര്‍ടെമിസ് 3 ദൗത്യം ഉന്നം വയ്ക്കുന്നത് സവിശേഷതകള്‍ ഏറെയുള്ള ,ചന്ദ്രനിലെ ദക്ഷിണധ്രുവമാണ്. ഇവിടുത്തെ ജലസാന്നിധ്യം തന്നെ ഇതിനു പ്രധാന കാരണം. ജലസാന്നിധ്യം ഉള്ളതുകൊണ്ടു തന്നെ ഇവിടം മനുഷ്യവാസത്തിന് അനുയോജ്യമായിരിക്കും എന്നാണ് പ്രതീക്ഷ. അതുപോലെ ദീര്‍ഘകാല ഉപയോഗത്തിന് അനുയോജ്യമായ മറ്റു വിഭവങ്ങളും തിരയും. ചന്ദ്രനിലെ ജലത്തിന്റെ ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ പുതിയ ചാന്ദ്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശിയേക്കാം. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ റോക്കറ്റ് ഇന്ധനമായും ഓക്‌സിജന്‍ ശ്വസിക്കാനായും ഉപയോഗിക്കാം എന്ന സാധ്യതയുമുണ്ട്. ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും ഉത്ഭവ രഹസ്യങ്ങള്‍, പരിണാമം ഇവ താരതമ്യം ചെയ്ത് വ്യത്യാസങ്ങളും സാദൃശ്യങ്ങളും അതിസൂക്ഷ്മമായി വിശകലനം ചെയ്തു മനസ്സിലാക്കല്‍ , അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വായാത്രയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുക ,ഭാവി ഗോളാന്തര യാത്രകള്‍ അസൂത്രണം ചെയ്യുക എന്നിങ്ങനെ നീളുന്നു ആര്‍ടെമിസ് ദൗത്യം തുറക്കുന്ന സാധ്യതകളുടെയും പ്രതീക്ഷകളുടെയും പട്ടിക.

പര്യവേക്ഷണത്തിന് റോബോട്ടിക് സംവിധാനങ്ങളും

ചന്ദ്രോപരിതല പര്യവേക്ഷണത്തിന് റോബോട്ടിക് സംവിധാനങ്ങളും പ്രയോജനപ്പെടുത്തുമെന്ന് നാസ വ്യക്തമാക്കി. ചന്ദ്രോപരിതല രഹസ്യങ്ങള്‍, ചന്ദ്രനിലെ മനുഷ്യ ജീവിതം, എന്‍ജിനീയറിംഗ് സാധ്യതകള്‍ എന്നിവയൊക്കെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്നത് അതിവിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ ചന്ദ്രനിലെ സ്ഥിരമായ മനുഷ്യവാസത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സഹായിക്കും. ചാന്ദ്ര വീടുകള്‍, ചന്ദ്രോപരിതലത്തിലെ വിപുലമായ ഗവേഷണ സാധ്യതകള്‍ എന്നിവയൊക്കെ ഈ ദൗത്യത്തിന് ഊര്‍ജം പകരുന്നു. ചന്ദ്രനില്‍ മനുഷ്യവാസം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ബഹിരാകാശ ഗവേഷണ രംഗം. ആരാകും ചന്ദ്രനില്‍ കാലു കുത്താന്‍ പോവുന്ന ആദ്യ വനിത എന്നത് നാസ ഇപ്പോളും സ്ഥിരീകരിച്ചിട്ടില്ല.

Story Highlights Artemis to bring a woman to the moon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top