നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ; കരാർ നാലു വർഷത്തേക്ക്

ബംഗളൂരു എഫ്സിയുടെ യുവ പ്രതിരോധ താരം നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ. നാലു വർഷത്തേക്കാണ് യുവതാരവുമായി ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്ന സന്ദേശ് ജിങ്കനുമായി വേർപിരിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ ജിങ്കനോളം മിടുക്കനായ താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ഈ സൈനിംഗോടെ ഏറ്റവുമധികം ശമ്പളമുള്ള ഇന്ത്യൻ പ്രതിരോധ താരം എന്ന റെക്കോർഡ് ജിങ്കനെ മറികടന്ന് നിഷു സ്വന്തമാക്കുകയും ചെയ്തു. താരത്തിന് വെറും 22 വയസ്സ് മാത്രമാണ് പ്രായം എന്നതും ശുഭസൂചനയാണ്.
Read Also : ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും; അടുത്ത സീസണിൽ മുംബൈക്കായി കളിക്കുമെന്ന് റിപ്പോർട്ട്
രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളാണ് നിഷു കുമാർ. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ താരം 11-ാം വയസ്സിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഫുട്ബോൽ രംഗത്ത് എത്തുന്നത്. 2011ൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഷു അവിടെ 4 വർഷം പരിശീലിച്ചു. തുടർന്ന്, 2015ൽ ബെംഗളൂരു എഫ്സിയിലൂടെ നിഷു പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറി. ക്ലബ്ബിനായി 70 -ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം പ്രതിരോധ നിരയിലെ നിർണായക താരമായിരുന്നു. 70 ശതമാനമാണ് നിഷുവിൻ്റെ പാസ് കൃത്യത. അണ്ടർ 19, അണ്ടർ 23, സീനിയർ തലങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച നിഷു 2018ൽ സീനിയർ ടീമിൽ അരങ്ങേറി. ജോർദാനെതിരായ അരങ്ങേറ്റ മത്സരത്തിൽ അദ്ദേഹം ഒരു ഗോളും സ്കോർ ചെയ്തു.
പുതിയ സീസണിനു മുന്നോടിയായി മികച്ച ചില സൈനിംഗുകളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. പുതുതായി സ്ഥാനമേറ്റ പരിശീലകൻ കിബു വിക്കൂന മികച്ച താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
Story Highlights – nishu kumar in kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here