കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് സുപ്രിംകോടതി നോട്ടീസ്

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയെയും, മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌തെന്ന കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് സുപ്രിംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രവും കൂടി ചേര്‍ത്ത ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിച്ചു.
രണ്ട് ട്വീറ്റുകളിലും സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്ത ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, പ്രശാന്ത് ഭൂഷണ് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു. ഓഗസ്റ്റ് അഞ്ചിന് മുന്‍പ് വിശദീകരണം നല്‍കണം. കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനെ നിയമിച്ചു. ഹര്‍ജിയില്‍ അനാവശ്യമായി കക്ഷി ചേര്‍ത്തുവെന്നും കോടതി ഉത്തരവിട്ടാല്‍ ട്വീറ്റ് നീക്കം ചെയ്യാമെന്നും ട്വിറ്റര്‍ അറിയിച്ചു.
ട്വീറ്റ് നീക്കാന്‍ കോടതിയുടെ ഉത്തരവ് വേണമോയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മറുചോദ്യം. എന്തുകൊണ്ട് സ്വമേധയാ നടപടിയെടുക്കുന്നില്ലെന്നും ആരാഞ്ഞു. ട്വിറ്ററിനെ ഇക്കാര്യം അറിയിക്കാമെന്ന് അഭിഭാഷകന്‍ ഉറപ്പ് നല്‍കി. ഓഗസ്റ്റ് അഞ്ചിന് കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും പരിഗണിക്കും.
Story Highlights – Supreme Court issues notice to advocate Prashant Bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here