കൊവിഡ് പ്രതിരോധത്തിൽ മാധ്യമങ്ങളുടെ സംഭാവന എടുത്തുപറയേണ്ടതു തന്നെയെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ കഴിയുന്നതിൽ നമ്മുടെ മാധ്യമങ്ങളുടെ സംഭാവന എടുത്തുപറയേണ്ടതു തന്നെയെന്ന് മുഖ്യമന്ത്രി. ബോധവൽക്കരണ പ്രവർത്തനത്തിലും രോഗവിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും പ്രതിരോധത്തിന് മുൻകൈയെടുക്കുന്നതിലും മാധ്യമങ്ങൾ കാണിച്ച ശ്രദ്ധയും ചെലവിട്ട ഊർജവും വളരെ വലുതാണ്.

പക്ഷേ, സമീപ നാളുകളിൽ ചില ഇടങ്ങളിലെങ്കിലും അത് ചോർന്നുപോകുന്നുണ്ടോ എന്ന സംശയം വരുന്നുണ്ട്. ഉദാഹരണത്തിന് ഇന്ന് ഒരു വാർത്താചാനൽ ആവർത്തിച്ച് കാണിച്ച ഒരു ബ്രേക്കിങ് ന്യൂസ് ‘കേരളത്തിൽ കൊവിഡ് മരണം കൂടുന്നു’ എന്നായിരുന്നു. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നുണ്ട്. എന്നാൽ, സ്‌ഫോടനാത്മകമായ രീതിയിൽ മരണസംഖ്യ ഇവിടെ ഇല്ല. നമ്മുടെ അയൽസംസ്ഥാനങ്ങളിലെയും മറ്റും മരണനിരക്ക് ഇന്നലെ ഇവിടെ സൂചിപ്പിച്ചിരുന്നുവല്ലോ.

കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം മാധ്യമങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതു തന്നെയാണ്. അതിൽ സർക്കാരിനെയോ സംവിധാനങ്ങളെയോ വിമർശിക്കുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷെ, മാസങ്ങളായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഒഴിവാക്കണമെന്നു തെറ്റായ പ്രചരങ്ങൾ ണ്ടാവരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാം ഇപ്പോൾ അസാധാരണമായ സാഹചര്യത്തിലാണ്. ആ അസാധാരണത്വം ഏറ്റവും കൂടുതൽ നേരിടുന്നത് ആരോഗ്യമേഖലയാണ്. കൊവിഡും അതോടൊപ്പം മറ്റു രോഗങ്ങളും ഇപ്പോൾ മഴക്കാല രോഗങ്ങളും ചികിത്സിക്കേണ്ടതുണ്ട്. എത്ര വലിയ ആരോഗ്യമേഖലയായാലും ഈ പ്രതിസന്ധി നേരിടാൻ പ്രയാസങ്ങളും പ്രശ്‌നങ്ങളുമുണ്ടാകും.

അത്തരം ചെറിയ പ്രശ്‌നങ്ങളെപ്പോലും ഊതിവീർപ്പിച്ച്, ‘മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി’ എന്ന സൂപ്പർലീഡ് വാർത്ത നൽകിയാലോ? മെഡിക്കൽ കോളജുകളിൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകാം. അവർക്ക് ചികിത്സ നൽകേണ്ടതുമുണ്ട്. അങ്ങനെ അനുഭവമുണ്ടാകുമ്പോൾ മെഡിക്കൽ കോളജുകളിലാകെ പ്രതിസന്ധിയാണ് എന്നു പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും സർക്കാർ, സ്വകാര്യ, ഐഎംഎ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ കൊവിഡ് രോഗികളെ കൊണ്ടുപോകാനായി സജ്ജമാക്കിയിട്ടുണ്ട്. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ആ സമയത്തുതന്നെ ആംബുലൻസ് എത്താൻ കഴിഞ്ഞുവെന്നു വരില്ല. കാരണം, ഓരോ യാത്ര കഴിഞ്ഞും അത് അണുമുക്തമാക്കണം. ഒരേസമയത്ത് ഒന്നിലേറെ സ്ഥലങ്ങളിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം.

ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളാണെങ്കിൽ അവർ ഉള്ളിടത്തുതന്നെ അൽപനേരം നിരീക്ഷണത്തിൽ തുടരുന്നതിൽ അപകടവുമില്ല. കേരളത്തിനു പുറത്ത് പലയിടങ്ങളിലും രോഗബാധയുണ്ടെങ്കിലും അവശതയില്ലാത്ത ആളുകളെ വീട്ടിൽ തന്നെയാണ് ചികിത്സിക്കുന്നത്. ഇവിടെ നാം ആശുപത്രിയിലെത്തിക്കുന്നു. ആംബുലൻസ് അൽപം വൈകുന്നത് ഒരു മഹാപരാധമായി എന്തിനാണ് ചിത്രീകരിക്കുന്നത്? അത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ രോഗികൾ തന്നെ പരസ്യമായി പ്രതികരിക്കുന്നത് നാം കണ്ടില്ലേ?

ആശുപത്രികളിലും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയും ഭക്ഷണവും മറ്റു സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ എന്തെങ്കിലും പ്രത്യേക കാരണങ്ങളാൽ ഭക്ഷണം എത്താൻ അൽപം വൈകിയേക്കാം. അതിനെ സർക്കാരിന്റെ പരാജയമെന്നു പറഞ്ഞ് ആക്ഷേപിക്കരുത്.

എറണാകുളം മെഡിക്കൽ കോളജിൽ രോഗികൾക്ക് പീഡനം എന്നാണ് ഒരു ചാനൽ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തത്. അതല്ല എന്ന് വ്യക്തമായപ്പോൾ അവർ ഖേദം പ്രകടിപ്പിച്ചു. ഏതോ കുബുദ്ധികൾ ചില ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് അപവാദ പ്രചാരണത്തിനായി തയാറാക്കിയതാണ്. ഇതിൽ ആ മാധ്യമവും വഞ്ചിക്കപ്പെടുകയാണുണ്ടായത്. സർക്കാരിന്റെ കൊവിഡ് പ്രതിരോധം തകർക്കാൻ കച്ചകെട്ടിയിറങ്ങിയ സംഘങ്ങൾ ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവുണ്ടാകണം.

കൊവിഡിനെതിരായ പോരാട്ടം ഈ നാട്ടിലെ ജനങ്ങളുടെ ജീവനുവേണ്ടിയുള്ള പോരാട്ടം കൂടിയാണ്. തെറ്റിദ്ധാരണകൾ പരത്തിയും നുണക്കഥകൾ പ്രചരിപ്പിച്ചും അത് തകർക്കാൻ ശ്രമിക്കുന്നവർ തിരുത്താനൊന്നും പോകുന്നില്ല. അവരാണ് കഴിഞ്ഞദിവസം ഒരു പ്രദേശത്ത് ജനങ്ങളെ ആരോഗ്യപ്രവർത്തകർക്കു നേരെ തിരിച്ചുവിട്ടത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട അതൃപ്തി പരിഹരിക്കാൻ മുന്നിട്ടിറങ്ങിയവരെ തെറ്റായി ചിത്രീകരിച്ച് ഒരു ചിത്രം പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ചത് ഓർമയില്ലേ? തെറ്റിദ്ധാരണ മനസ്സിലാക്കി ജനങ്ങൾ ആരോഗ്യപ്രവർത്തകരോടുള്ള നിലപാടിൽ മാറ്റം വരുത്തി. പക്ഷെ, തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച ആ മാധ്യമം തിരുത്തുന്നതായി കണ്ടില്ല.

ഇവിടെ എല്ലാ മാധ്യമങ്ങളെക്കുറിച്ചും അല്ല പറയുന്നത്. ചില പ്രത്യേക ഉദ്ദേശം വെച്ച് സൃഷ്ടിക്കപ്പെടുന്ന വാർത്തകൾ വെള്ളം ചേർക്കാതെ വിഴുങ്ങുന്ന പ്രവണതയെക്കുറിച്ചാണ്.

കൊവിഡ് ആദ്യമായി കേരളത്തിൽ കണ്ടെത്തിയതു മുതൽ മാധ്യമങ്ങൾ പൊതുവിൽ കാണിച്ച ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും കൂടുതൽ ശക്തിയോടെ തുടരേണ്ട ഘട്ടമാണിത്. അതിന് നമ്മുടെ എല്ലാ മാധ്യമങ്ങളും അവരുടെ പ്രത്യേക താൽപര്യങ്ങളെ മാറ്റിനിർത്തി പങ്കാളികളാകണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

Story Highlights -conribution of kerala, defence of covid, media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top