ഐടി വകുപ്പിലെ കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ

pwc

പ്രൈസ് വാര്‍ട്ടര്‍ഹൗസ് കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടിക്ക് സര്‍ക്കാര്‍. ഐടി വകുപ്പും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍പ്പെടുത്തും. ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്. സ്വപ്നാ സുരേഷിനെ സ്പെയ്സ് പാര്‍ക്കില്‍ നിയമിച്ചതില്‍ പിഡബ്ല്യുസിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്വപ്ന സുരേഷിനെ സ്പെയ്സ് പാര്‍ക്കില്‍ നിയമിച്ചതില്‍ കണ്‍സള്‍ട്ടന്‍സിയായ പിഡബ്ല്യുസിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറിതല സമിതി കണ്ടെത്തിയിരുന്നു. ഐടി വകുപ്പിന്റേയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റേയും പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കാനും കരിമ്പട്ടികയില്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്തു.

സ്പെയ്സ് പാര്‍ക്കില്‍ മൂന്നു ഒഴിവുകളുണ്ടായിട്ടും ഒരെണ്ണത്തില്‍ സ്വപ്നയെ നിയമിക്കുകയും മറ്റു രണ്ടു ഒഴിവുകള്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വഴി നികത്തുകയും ചെയ്തു. പിഡബ്ല്യുസി ചുമതലപ്പെടുത്തിയ എച്ച്ആര്‍ ഏജന്‍സിയായ വിഷന്‍ ടെക് വഴിയാണ് സ്വപ്നയെ നിയമിച്ചത്. എന്നാല്‍ സ്വപ്നയുടെ പശ്ചാത്തലവും മുന്‍കാല പരിചയവും അന്വേഷിക്കാതെ നിയമനം നടത്തിയത് കണ്‍സള്‍ട്ടന്‍സിയായ പിഡബ്ല്യുസിക്ക് വന്ന ഗുരുതരവീഴ്ചയാണ്.

അതിനാല്‍ സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നടന്ന 36 നിയമനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ശുപാര്‍ശയുണ്ട്. ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗത്തെ ഉപയോഗിച്ച് ഈ നിയമനങ്ങളുള്‍പ്പെടെ ഐടി വകുപ്പിനു കീഴിലെ പദ്ധതികളില്‍ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കണം. എം. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാര്‍ക്കില്‍ ജോലിക്കായി എത്തിയതെന്നും സമിതി കണ്ടെത്തി.

Story Highlights PWC, consultancy contracts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top