നിയമസഭാ സമ്മേളനം മാറ്റിയത് മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നതിനാല്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി സത്യത്തെ ഭയപ്പെടുന്നത് കൊണ്ടാണ് നിയമസഭാ സമ്മേളനം മാറ്റാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ വിദേശയാത്ര, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ അടക്കം ഞെട്ടിപ്പിക്കുന്ന അഴിമതികള്‍ നിയമസഭാ സമ്മേളനം നടന്നിരുന്നെങ്കില്‍ തുറന്നുകാട്ടപ്പെടും. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചോടിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
എല്ലാ വിവാദങ്ങളുടെയും പ്രതിനായകന്‍ മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ കുറ്റവിചാരണ ചെയ്യപ്പെടുമെന്ന് ആരെക്കാളും നന്നായി മുഖ്യമന്ത്രിക്ക് അറിയാം. മുഖ്യമന്ത്രിയുടെ തുടരെത്തുടരെയുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചിട്ടുണ്ട്. ചട്ടങ്ങളും കീഴ് വഴക്കങ്ങളും എല്ലാം കാറ്റില്‍പറത്തി നടത്തിയ ഈ അഴിമതികളെക്കുറിച്ചുള്ള സകല വസ്തുതകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ടാണ് അന്വേഷണവുമായി മന്ദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്്. അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഇത് കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്.
സ്വര്‍ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പത്തു കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റാനുള്ള ശ്രമം. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സ്ഥലം മാറ്റല്‍ നടപടി ക്രമവിരുദ്ധമാണ്. അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിയപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. ഇതിന് പിന്നില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളിയെ കുറിച്ച് താന്‍ തുടക്കത്തിലെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് ഡാറ്റ കച്ചവടവുമായി സ്പ്രിങ്കളര്‍, ഇ- മൊബിലിറ്റി ഇലക്ട്രിക് ബസ് പദ്ധതിക്കായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, റൂം ഫോര്‍ റിവര്‍ പദ്ധതിക്കായി ഹസ്‌കോണിംഗ്, ബെല്‍ജിയത്തിലെ ട്രക്ടാബെല്‍ തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കരാര്‍ നല്‍കിയത്. ഇതില്‍ ഹസ്‌കോണിംഗ് കമ്പനിയെ റീ-ബില്‍ഡ് കേരളയുടെ പ്രളയ പ്രതിരോധ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ടെന്‍ഡറില്‍ ഉള്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി നടത്തിയ ഇടപെടല്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. യോഗ്യതയില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടപടിയില്‍ നിന്നും ആദ്യം ഒഴിവാക്കപ്പെട്ട കമ്പനിയാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനാധിപത്യത്തിന്റെ മുഖമുദ്ര തന്നെ തുറന്ന സംവാദവും സ്വതന്ത്ര അഭിപ്രായ പ്രകടനവുമാണ്. ചോദ്യങ്ങളില്‍ നിന്ന് എത്രനാള്‍ മുഖ്യമന്ത്രിക്ക് ഒളിച്ചോടാനാകും. സഭാസമ്മേളനം മാറ്റിയ നടപടി ജനാധിപത്യവിരുദ്ധമാണ്. ഏകാധിപത്യ നടപടികളിലൂടെ എതിര്‍ ശബ്ദങ്ങളെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി കരുതരുത്. ഉദ്യോഗസ്ഥ ലോബിയും ഉപജാപക വൃന്ദവുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. അതിനാലാണ് എപ്പോഴും ജനവിരുദ്ധ തീരുമാനങ്ങള്‍ മാത്രം മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Story Highlights – Mullappally Ramachandran talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here