തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും; കളക്ടര്‍

എറണാകുളത്ത് ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റുമെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വൃദ്ധസദനം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവിടെ 43 അന്തേവാസികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൃദ്ധസദനത്തില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പാലിയേറ്റീവ് കെയര്‍ സ്പെഷ്യലിസ്റ്റ്, മുഴുവന്‍സമയം ആംബുലന്‍സ് സൗകര്യം, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘം നിര്‍ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങള്‍ക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ഇവിടങ്ങളില്‍ പ്രത്യേക പെരുമാറ്റച്ചട്ടവും ഏര്‍പ്പെടുത്തുമെന്നു കളക്ടര്‍ പറഞ്ഞു. ഈ കേന്ദ്രങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്ത് പോകുവാന്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതി. ഇയാള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും കേന്ദ്രത്തിലെ മറ്റ് അന്തേ വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലാത്തതുമാണ്. വൃദ്ധസദനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത് രോഗവ്യാപന സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാകണമെന്നും കളക്ടര്‍ പറഞ്ഞു.

Story Highlights old age home to be converted covid hospital; Collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top