കളി ദക്ഷിണാഫ്രിക്കയിൽ; കമന്ററി ഇന്ത്യയിൽ; ‘ത്രീടിസി’ പരീക്ഷിച്ച വിർച്വൽ കമൻ്ററി ഐപിഎല്ലിലും

മൂന്ന് ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ത്രീടിസി മത്സരം കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ നടന്നത്. മത്സരരീതി തന്നെ പുതുമയായ ത്രീടിസിയിലെ കമൻ്ററി മറ്റൊരു പുതുമയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൻ്റെ കമൻ്ററി ഇന്ത്യയിലാണ് അരങ്ങേറിയത്. കളി നടക്കുന്ന സ്റ്റേഡിയത്തിലെ കമൻ്ററി ബോക്സിലിരുന്ന് കമൻ്ററി പറയുകയെന്ന ‘പഴഞ്ചൻ’ ശൈലി മാറ്റി കമൻ്റേറ്റർമാരൊക്കെ അവരവരുടെ വീടുകളിലിരുന്നാണ് കളി പറഞ്ഞത്. ഇർഫാൻ പത്താൻ ബറോഡയിൽ നിന്നും, ദീപ്ദാസ് ഗുപ്ത കൊൽക്കത്തയിൽ നിന്നും, സഞ്ജയ് മഞ്ചരേക്കർ മുംബൈയിലെ തന്റെ വീട്ടിൽ നിന്നുമായിരുന്നു കമന്ററി പറഞ്ഞത്. ഈ ശൈലി ഐപിഎല്ലിലും പരീക്ഷിക്കാനാണ് സ്റ്റാർ ഗ്രൂപ്പ് ഒരുങ്ങുന്നത്.
Read Also : ത്രീടിസി കപ്പ്; 24 പന്തിൽ 61 റൺസെടുത്ത് ഡിവില്ല്യേഴ്സ്; ഈഗിൾസിന് കിരീടം
ഇത്തവണത്തെ ഐപിഎൽ യുഎഇയിലാണ് നടക്കുക എന്ന് ഉറപ്പായിക്കഴിഞ്ഞു. തിയതിയാണ് ഉറപ്പിക്കാനുള്ളത്. സ്റ്റേഡിയത്തിൽ ആളെ കയറ്റാൻ ഈ അവസരത്തിൽ കഴിയില്ല. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കമൻ്റേറ്റർമാരും ‘അധികപ്പറ്റാവും’. ത്രീടിസിയിൽ വിർച്വൽ കമൻ്ററി വൻ വിജയവുമായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സാധ്യതയെപ്പറ്റി സ്റ്റാർ ആലോചിക്കുന്നത്. ഏതൊക്കെ ഭാഷകളിലുള്ള കമൻ്ററിയാണ് ഇത്തരത്തിൽ വീടുകളിരുന്ന് പറയാവുന്നതെന്നതിൽ വ്യക്തത വരാനുണ്ട്. എങ്കിലും പ്രാദേശിക ഭാഷകൾ ഏറെക്കുറെ വിർച്വൽ കമൻ്ററിയിലേക്ക് മാറുമെന്ന് സൂചനയുണ്ട്. ഇംഗ്ലീഷ്, ഹിന്ദി കമൻ്റേറ്റർമാർ സ്റ്റേഡിയത്തിൽ തന്നെ ഉണ്ടാവാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Read Also : ഐപിഎൽ സമയക്രമത്തിൽ സ്റ്റാർ സ്പോർട്സിനും ഫ്രാഞ്ചൈസികൾക്കും അതൃപ്തി
റണ്ണൊഴുകിയ ത്രീടിസി ടൂർണമെൻ്റിൽ ഈഗിൾസ് ടീം ആണ് വിജയിച്ചത്. വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ആദ്യമായി ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് തിളങ്ങിയത് ഏറെ ശ്രദ്ധേയമായി. 24 പന്തുകളിൽ 61 റൺസെടുത്ത താരത്തിൻ്റെ മികവിൽ ഈഗിൾസ് ടീം മത്സരത്തിലെ ജേതാക്കളായി. മത്സരത്തിനിടെ താരങ്ങൾ റേസിസത്തിനെതിരായ പോരാട്ടത്തിന് പിന്തുൺ അർപ്പിച്ചു.
Story Highlights – virtual commentary in ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here