ഐപിഎൽ സമയക്രമത്തിൽ സ്റ്റാർ സ്പോർട്സിനും ഫ്രാഞ്ചൈസികൾക്കും അതൃപ്തി

ടി-20 ലോകകപ്പ് മാറ്റിവച്ചതോടെ ഇക്കൊല്ലത്തെ ഐപിഎല്ലിനുള്ള വഴി തെളിയുകയാണ്. സെപ്തംബർ 26 മുതൽ നവംബർ 8 വരെ യുഎഇയിൽ വെച്ച് ഐപിഎൽ നടത്താനാണ് ബിസിസിഐയുടെ ലക്ഷ്യം. ഇതിനായി ബിസിസിഐ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ അനുമതി വാങ്ങാനൊരുങ്ങുകയാണ്. എന്നാൽ ഐപിഎലിൻ്റെ പുതുക്കിയ മത്സര ക്രമത്തിൽ ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സും ടീം ഫ്രാഞ്ചൈസികളും തൃപ്തരല്ലെന്നാണ് പുതിയ വിവരം.
Read Also : ഐപിഎൽ യുഎഇയിൽ തന്നെ; സർക്കാരിനോട് അനുവാദം തേടുമെന്ന് ബിസിസിഐ
ദീപാവലി സമയത്ത് മത്സരങ്ങൾ ഇല്ലാത്തതാണ് സ്റ്റാറിൻ്റെ പ്രശ്നം. നവംബർ 14നാണ് ദീപാവലി. ആ സമയത്ത് ഐപിഎൽ അവസാനിച്ചാൽ പരസ്യവരുമാനം കുത്തനെ വർധിക്കുമെന്ന് സ്റ്റാർ കണക്കുകൂട്ടുന്നു. അത്തരത്തിൽ മത്സരക്രമം പുതുക്കി നിശ്ചയിക്കണമെന്നാണ് സ്റ്റാർ ആവശ്യപ്പെടുന്നത്. 44 ദിവസത്തെ ഷെഡ്യൂൾ ആണ് ഫ്രാഞ്ചൈസികൾ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. 44 ദിവസങ്ങൾ കൊണ്ട് 60 മത്സരങ്ങൾ കളിക്കേണ്ടി വരുമ്പോൾ വൈകുന്നേരങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടത്തേണ്ടി വരും. ഇത് കാഴ്ചക്കാരിലും മറ്റ് വരുമാനത്തിലും ഇടിവുണ്ടാക്കുമെന്ന് ഫ്രാഞ്ചൈസികൾ പറയുന്നു. എന്നാൽ, നവംബർ മാസത്തിൽ എത്രയും നേരത്തെ ലീഗ് അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ഉദ്ദേശ്യം. ഡിസംബർ മൂന്നിന് ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നതു കൊണ്ട് തന്നെ രണ്ടാഴ്ചത്തെ ക്വാറൻ്റീനും പരിശീലനവും കഴിഞ്ഞ് പര്യടനത്തിനായി ടീം തയ്യാറാവണമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു.
Read Also : ഐപിഎലിനായി ഇന്ത്യൻ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട്
“നവംബർ 8ന് ഐപിഎൽ അവസാനിച്ചാൽ 10ആം തീയതിയോടെ ടീം ഓസ്ട്രേലിയയിലേക്ക് പറക്കും. അങ്ങനെയെങ്കിൽ മാത്രമേ കൊവിഡ് പരിശോധനകളും മറ്റും കഴിഞ്ഞ് കൃത്യ സമയത്ത് മത്സരങ്ങൾ തുടങ്ങാൻ സാധിക്കൂ.”- ബിസിസിഐ പ്രതിനിധി പറയുന്നു.
മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.
Story Highlights – Broadcaster Franchises Unhappy With IPL Schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here