ഐപിഎൽ യുഎഇയിൽ തന്നെ; സർക്കാരിനോട് അനുവാദം തേടുമെന്ന് ബിസിസിഐ

IPL in UAE BCCI

ടി-20 ലോകകപ്പ് മാറ്റിവച്ചതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ യുഎഇയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ ലീഗ് നടത്താനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിനെ ഉടൻ സമീപിക്കുമെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Read Also : ഐപിഎൽ സെപ്തംബർ 26ന്?; യുഎഇ വേദിയാകുമെന്ന് അഭ്യൂഹം: ചാർട്ടേഡ് വിമാനങ്ങൾക്കായി ഫ്രാഞ്ചൈസികളുടെ നെട്ടോട്ടം

“വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎഇയിൽ ഐപിഎൽ നടത്താനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്ര സർക്കാരിനെ സമീപിക്കും. അവിടെ ലീഗ് നടത്താമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്. അവിടുത്തെ സ്ഥിതി ഞങ്ങൾക്ക് നന്നായി അറിയാം. 2014 ഐപിഎലിലെ ആദ്യ പാദ മത്സരങ്ങൾ അവിടെ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ അതും ഞങ്ങൾക്ക് അറിയാം.”- ബ്രിജേഷ് പട്ടേൽ പറഞ്ഞു.

സെപ്തംബർ മുതൽ നവംബരെ വരെയുള്ള സമയത്ത് ഐപിഎൽ നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നത്. വരുന്ന രണ്ടാഴ്ചക്കുള്ളിൽ ബിസിസിഐ സർക്കാരിൽ നിന്ന് അനുമതി തേടുമെന്നാണ് വിവരം. സൗകര്യങ്ങൾ കൊണ്ട് യുഎഇ ഐപിഎൽ നടത്താൻ ഏറ്റവും മികച്ച രാജ്യമായി ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്.

Read Also : ഐപിഎലിനായി ഇന്ത്യൻ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട്

ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി ഇന്ത്യൻ ടീം ക്യാമ്പ് ആരംഭിക്കാനും ബിസിസിഐക്ക് ആലോചനയുണ്ട്. പിന്നാലെ താരങ്ങൾ അതാത് ഫ്രാഞ്ചൈസികളുടെ ഭാഗമാവും. യുഎഇ വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നതോടെ ഫ്രാഞ്ചൈസികൾ ചാർട്ടേർഡ് വിമാനങ്ങൾക്കായും താരങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടലുകൾക്കായും ശ്രമം തുടങ്ങിക്കഴിഞ്ഞു.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.

Story Highlights IPL in UAE BCCI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top