നോക്കിയ 2000 മൊബൈല്‍ ഫോണുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന് പ്രചാരണം; യാഥാര്‍ത്ഥ്യം ഇങ്ങനെ [24 fact check]

-/അന്‍സു എല്‍സ സന്തോഷ്
കൊവിഡ് പ്രതിസന്ധിക്കിടയില്‍ നോക്കിയ 2000 മൊബൈല്‍ ഫോണുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന് പ്രചാരണം. നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ 2020 എന്ന പേജിലാണ് ജൂണ്‍ 28 ന് ഇങ്ങനെയൊരു വിവരം പങ്കുവച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ ഫോണുകള്‍ നേടുന്നതിന് അവസരം എന്നാണ് പ്രചരിക്കുന്നത്. ഫോണ്‍ സൗജന്യമായി നേടുന്നതിന് ‘ടി’ എന്ന അക്ഷരം പോസ്റ്റിന് താഴെ കമന്റ് ചെയ്യാനും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജമാണെന്നതാണ് യാഥാര്‍ത്ഥ്യം.
നോക്കിയ ഫോണ്‍ സൗജന്യമായി നല്‍കുന്നു എന്ന് പറയുന്ന കുറിപ്പില്‍ തന്നെ രണ്ടാമത്തെ വരി വിവോ ഫോണ്‍ നേടുവാന്‍ ടി എന്ന് ടൈപ്പ് ചെയ്യുക എന്നാണ്. പോസ്റ്റ് തീര്‍ത്തും വ്യാജമെന്ന് സാരം. ടി എന്ന് കമന്റ് ചെയ്തതിന് ശേഷം സ്‌ക്രീന്‍ഷോട്ട് എടുത്ത് പേജിലേക്ക് സന്ദേശമയയ്ക്കുമ്പോള്‍, 10 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മറുപടി ലഭിക്കും. എന്നാല്‍ നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഏതെങ്കിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലോ ഇങ്ങനെയൊരു അറിയിപ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരം പ്രമോഷനുകളൊന്നും കമ്പനി നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു നോക്കിയയുടെ വക്താവ് രാഹില്‍ ആസാദ് രംഗത്തെത്തുകയും ചെയ്തു. നോക്കിയ സൗജന്യമായി ഫോണുകള്‍ നല്‍കുന്നു എന്ന തരത്തില്‍ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇത് അവഗണിക്കണമെന്നും അതുമായി ബന്ധപ്പെട്ട കോളുകളോടോ, ഇ -മെയിലുകളോടോ പ്രതികരിക്കരുതെന്നും പണമോ മറ്റ് സാമ്പത്തിക വിവരങ്ങളോ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട നിയമ വിദഗ്ധര്‍ ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights – Is Nokia Giving Free Smartphones Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here