റമീസിനെ സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നിർണായക കണ്ണി കെ ടി റമീസിനെ പ്രതി ചേർക്കാൻ എൻഐഎ. റമീസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവുണ്ടെന്ന് എൻഐഎ അധികൃതർ വെളിപ്പെടുത്തി. ഇയാളുടെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത് കേസിലെ പ്രതിയായ സന്ദീപാണ്. കൂടാതെ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം കേന്ദ്ര ഇടപെടലിൽ ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെ മാറ്റി. പകരം ചുമതല അസി.സോളിസിറ്റർ ജനറൽ പി വിജയകുമാറിനാണ്. നേരത്തെ കേസിൽ ഹൈക്കോടതിയിലെ എൻഐഎ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്തിയിരുന്നു. എൻഐഎ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. അഡ്വ. എം അജയ്‌ക്കെതിരെയാണ് ആക്ഷേപമുണ്ടായിരുന്നത്.
Read Also : സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകർ സന്ദീപ് നായരും റമീസുമെന്നാണ് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി. ദുബായിൽ വച്ചാണ് റമീസും സന്ദീപും തന്നെ പരിചയപ്പെട്ടത്. അറ്റാഷെയുടെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നതെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ബിസിനസുകാർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും ബാങ്കിലുള്ള നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നും സ്വപ്‌ന മൊഴി നൽകി. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌നയുടെ മൊഴിയുണ്ട്. സാധിക്കുമെങ്കിൽ അറ്റാഷെയെ പിടികൂടാനും സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഓരോ തവണ സ്വർണം കടത്തുമ്പോഴും 1000 ഡോളർ വീതം അറ്റാഷെയ്ക്ക് നൽകുമായിരുന്നു. സ്വർണക്കടത്ത് പ്രശ്‌നമായപ്പോൾ അറ്റാഷെ കൈയ്യൊഴിഞ്ഞെന്നും സ്വപ്‌നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു.
Story Highlights – k t ramees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here