ആഢംബര കാറും ടിപ്പര്‍ ലോറികളുമായി റോഡ് ഷോ; വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍

car

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി നടത്തിയ റോഡ് ഷോയാണ് പുതിയ വിവാദത്തിന് കാരണം. സംഭവത്തില്‍ റോയി കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. നേരത്തെ ഇടുക്കിയിലെ രാജാക്കാട് ബില്ലി ഡാന്‍സ് നടത്തിയും ഇദ്ദേഹം വിവാദം സൃഷ്ടിച്ചിരുന്നു.

ഭൂതത്താന്‍കെട്ട് മുതല്‍ കോതമംഗലം വരെയായിരുന്നു റോയി കുര്യന്റെ വിവാദ റോഡ് ഷോ. ആഢംബര കാറിന്റെ മുകളിലിരുന്ന് എട്ടോളം ടിപ്പര്‍ ലോറികളുടെ അകമ്പടിയോടെ റോയി കുര്യന്‍ നഗരം ചുറ്റി. പ്രധാന ജംഗ്ഷനുകളില്‍ വാഹനം നിര്‍ത്തി അഭ്യാസ പ്രകടനവും നടത്തി. നഗരം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ചു. അതൊന്നും വകവയ്ക്കാതെ വഴിയരുകില്‍ നിന്നവരെ കൈവീശികാണിച്ച് റോയിയുടെ റോഡ് ഷോ തുടരുകയായിരുന്നു.

നിയമ സംവിധാനത്തെ വെല്ലുവിളിച്ച്, കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി കാറ്റില്‍ പറത്തി നടത്തിയ റോഡ് ഷോയില്‍ റോയി കുര്യനെതിരേയും, ഇയാളുടെ ഡ്രൈവര്‍ക്കെതിരേയും കോതമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ആഢംബര കാറും ടോറസ് ലോറികളും കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിരുന്നു എന്നും പരാതിയുണ്ട്.

നേരത്തെ ശാന്തന്‍പാറയിലെ ക്രഷര്‍ യൂണിറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച് റോയി കുര്യന്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ഈ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

Story Highlights Businessman, Road show, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top