തിരുവനന്തപുരം ജില്ലയില്‍ ഇളവുകളോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉള്‍പ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റ്, മാള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാം. വൈകിട്ട് നാലുമുതല്‍ ആറുവരെയുള്ള സമയത്തെ വില്‍പ്പന മുതിര്‍ന്ന പൗരന്മാര്‍ക്കായി പരിമിതപ്പെടുത്തണം.
മാര്‍ക്കറ്റുകളില്‍ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാര്‍ഷിക, കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ തുടരാം. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. സിനിമാ ഹാള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, ബാര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂട്ടം കൂടാന്‍ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. മേല്‍പ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ലെന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓഗസ്റ്റ് ആറ് അര്‍ദ്ധരാത്രിവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ഇടവ മുതല്‍ പെരുമാതുറ, പെരുമാതുറ മുതല്‍ വിഴിഞ്ഞം, വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ എന്നിങ്ങനെ ജില്ലയിലെ തീരദേശപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കുക. ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍. പ്രദേശത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഓഗസ്റ്റ് ആറുവരെ തുടരുമെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Story Highlights – lockdown will continue in Thiruvananthapuram district with concessions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here