വയനാട് ജില്ലയില്‍ വാളാട് ആശങ്കാജനകമായ സാഹചര്യം; മുഖ്യമന്ത്രി

PINARAYI VIJAYAN

വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 98 പേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതില്‍ 43 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിനു ശേഷം അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ രണ്ട് വിവാഹ ചടങ്ങുകള്‍ കൂടി നടക്കുകയും നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ലാര്‍ജ് ക്ലസ്റ്ററിലേക്കു നീങ്ങുന്ന ബത്തേരിയിലും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ചരക്കു ലോറികള്‍ വരുന്ന സ്ഥാപനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid valad Suspicious situation; cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top