കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്; പൊലീസ് കേസെടുത്തു

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്. ഇരിട്ടിയിലാണ് സംഭവം. ഇയാളുടെ പിറന്നാളിന് പങ്കെടുത്ത 20ൽ അധികം പേർ നിരീക്ഷണത്തിലാണ്. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് യുവാവിന് എതിരെ കേസെടുത്തു. ഇയാളുടെ കുടുംബത്തിന് എതിരേയും നിയമ നടപടി ഉണ്ടായേക്കും.
Read Also : ഇനി ദന്ത ഡോക്ടർമാരെ കൊവിഡ് സാമ്പിൾ ശേഖരണത്തിന് നിയോഗിക്കും
ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പ്രദേശം കർശന നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായാണ് ഇയാൾ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു യുവാവ്.
കൂളിച്ചെമ്പ്രാ 13ാം വാർഡിലാണ് യുവാവിന്റെ വീട്. ഇയാൾ നിരവധി തവണ ക്വാറന്റീൻ ലംഘിച്ച് നഗരത്തിലെത്തിയതായും വിവരമുണ്ട്. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവരും ടൗണിലെത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച എട്ടോളം കടകൾ അടപ്പിച്ചിരുന്നു. ഇയാൾ നേരിട്ട് എത്തിയ കടകളാണ് അടപ്പിച്ചത്.
Story Highlights – covid, b’day celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here