കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ജനറൽ വാർഡിലെ രോഗികൾക്കും കൊവിഡ്

കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ജനറൽ വാർഡിലെ രോഗികൾക്കും കൊവിഡ്. ജനറൽ വാർഡിലെ എട്ട് രോഗികളടക്കം 12 പേർക്കാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ജനറൽ വാർഡിൽ കിടത്തി ചികിത്സയിലുണ്ടായിരുന്ന എട്ട് രോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഹൃദയാലയയിൽ ചികിത്സയിലുണ്ടായിരുന്ന ഹൃദ്രോഗിയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. ജനറൽ വാർഡിൽ 10 പേരാണ് ഉണ്ടായിരുന്നത്. കൊവിഡ് ബാധിക്കാത്തവരെ വാർഡിൽ നിന്ന് മാറ്റി. ഇതോടെ എട്ടാം നിലയിലെ ജനറൽ വാർഡ് കൊവിഡ് വാർഡായി. കൂട്ടിരിപ്പുകാർ സന്ദർശിച്ച ആശുപത്രി പരിസരത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. മെഡിക്കൽ കോളേജിലെ 57 ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുന്നൂറോളം പേർ നിരീക്ഷണത്തിലുമാണ്.
അതിനിടെ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ജന്മദിനാഘോഷം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബംഗളുരുവിൽ നിന്നെത്തിയ യുവാവിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ ഇയാൾ പല തവണ ഇരിട്ടി ടൗണിൽ എത്തിയിരുന്നതായും കണ്ടെത്തി.ആഘോഷ പരിപാടിയിൽ പങ്കെടുത്ത 20 പേരടക്കം 200 ഓളം ആളുകളാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
Story Highlights – kannur pariyaram medical college general ward patients confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here