കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; ഡോക്ടർമാർ അടക്കം നിരീക്ഷണത്തിൽ

കോട്ടയത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ ഒരാൾക്ക് കൂടി കൊവിഡ്. ഇതോടെ 13 പേർക്കാണ് വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളജിൽ ഈ സംഭവത്തോടെ 130 ആരോഗ്യപ്രവർത്തകരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. 50 ഡോക്ടർമാരും നിരീക്ഷണത്തിലുണ്ട്. വാർഡിലെ കൂട്ടിരിപ്പുകാർ, രോഗികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സ്രവ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. ഇന്നലെ വാർഡിൽ അണുനശീകരണം ആരംഭിച്ചിരുന്നു. 15 ജീവനക്കാരാണ് അണുനശീകരണം നടത്തുന്നത്. മെഷിൻ ഉപയോഗിച്ചാണ് അണുനാശിനി തെളിക്കുന്നത്.
Read Also : കൊവിഡ് വാക്‌സിൻ: അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത്
അതേസമയം ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തുകളും ഉൾപ്പെടുത്തി പുതിയ കൊവിഡ് ക്ലസ്റ്റർ പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൂടുതൽ രോഗികളെ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാന പ്രകാരമാണ് ജില്ലാ കളക്ടർ എം. അഞ്ജന ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുനിസിപ്പാലിറ്റിയിൽ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായ നാല്, 27 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും കാണക്കാരി, മാഞ്ഞൂർ അയർക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ചേർന്നതാണ് ക്ലസ്റ്റർ. ഇതോടെ ജില്ലയിൽ ആകെ അഞ്ചു കൊവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്, ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകൾ.
Story Highlights – covid, kottayam medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here