സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ വഴിത്തിരിവ്. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. നടന്റെ അച്ഛന്റെ പരാതിയില്‍ ബിഹാര്‍ പൊലീസിന്റേതാണ് നടപടി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം ബോളിവുഡ് ഉന്നതരിലേക്ക് നീളുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്. നടി റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തുവെന്ന് പട്‌ന ഐ.ജി. സഞ്ജയ് സിംഗ് അറിയിച്ചു.

കേസ് ഡയറിയും സുപ്രധാന രേഖകളും മുംബൈ പൊലീസില്‍ നിന്ന് കൈപ്പറ്റാന്‍ നാലംഗ അന്വേഷണസംഘത്തെ മുംബൈയിലേക്ക് അയച്ചതായും ഐ.ജി. വ്യക്തമാക്കി. നടന്റെ കുടുംബം റിയ ചക്രവര്‍ത്തിക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ വഞ്ചിച്ചുവെന്നും സുശാന്തിനെ മാനസികമായി തകര്‍ത്തുവെന്നും പരാതിപ്പെട്ടു. റിയയുടെ കുടുംബാംഗങ്ങള്‍ അടക്കം ആറ് പേരുടെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. നടന്റെ മരണത്തില്‍ ഏറെ പഴി കേട്ട സംവിധായകന്‍ കരണ്‍ ജോഹറിനെ ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിരുന്നു. നടനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്നാണ് കരണ്‍ ജോഹറിനെതിരെ ഉയര്‍ന്ന ആരോപണം. പട്‌ന പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ മുംബൈ പൊലീസിന്റെ അടുത്ത നീക്കം നിര്‍ണായകമാണ്. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story Highlights Sushant Singh Rajput, death, rhea chakraborty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top