കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളം നഗരത്തിലെ പനമ്പള്ളി നഗറിലും എംജി റോഡിലും റോഡില്‍ വെള്ളം നിറഞ്ഞു. ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലും വെള്ളം കയറി. തോപ്പുംപടി, സൗത്ത് കടവന്ത്ര, തൃപ്പൂണിത്തുറ, പേട്ട എന്നിവിടങ്ങളും മഴ കനത്തിട്ടുണ്ട്.
ഉദയാ കോളനി, കമ്മട്ടിപ്പാടം, പി ആന്റ് റ്റി കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇന്നലെ രാത്രി മുതൽ നഗര ഭാഗത്തും ഗ്രാമീണ പ്രദേശങ്ങളിലും മഴ തുടങ്ങിയിരുന്നു. റോഡുകളിൽ വെള്ളം കയറി ഇന്ന് രാവിലെ മുതൽ ഗതാഗതത്തിന് തടസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജില്ലയില്‍ നിലവിൽ ഓറഞ്ച് അലേർട്ടാണ്.
Read Also : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലും കനത്ത മഴയാണ് തുടരുന്നത്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് മുന്നറിയിപ്പും നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന മുന്നറിയിപ്പുണ്ട്.
Story Highlights – rain, heavy rain, cochi, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here