ആലപ്പുഴയിൽ പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പ്രതികളെ വെറുതെ വിട്ടു

ആലപ്പുഴ കണ്ണർകാട് പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ടു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വി എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്.

2013 ഒക്ടോബർ 31നാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകർക്കുകയുമായിരുന്നു. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറിൽ സിപിഐഎം പ്രവർത്തകരെ പ്രതികയാക്കി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രനാണ് ഒന്നാംപ്രതി. കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി സാബു, സിപിഐഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. ഇവരെ പിന്നീട് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

2016 ഏപ്രിൽ 28 ന് കേസിൽ ക്രൈബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തി തീർക്കാനായിരുന്നു സ്മാരകം തകർത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ക്രിമിനൽ ഗൂഢാലോചനയടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Story Highlights P Krishnapillai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top