മഴ; ഏത് സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസിന് നിർദേശം നല്‍കി ഡിജിപി
സംസ്ഥാനത്തെ ചില ജില്ലകളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആംഡ് പൊലീസ് ബറ്റാലിയനുകൾ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ എന്നിവക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൊലീസ് ഏർപ്പെടുകയെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇന്ന് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Read Also : ‘കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി’: ഡിജിപി ലോക്‌നാഥ് ബെഹ്‌റ
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. അതിന് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ ആറ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോര മേഖലകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.
Story Highlights – heavy rain, dgp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here