ജിഎസ്ടി വെട്ടിപ്പിനായി വ്യാജ കമ്പനികൾ രൂപീകരിച്ച് തട്ടിപ്പ് സംഘങ്ങൾ; ദിവസവേതനക്കാരന് ലഭിച്ചത് 40 ലക്ഷത്തിന്റെ ബില്ല്

ജിഎസ്ടി തട്ടിപ്പിന് വ്യാജ കമ്പനികൾ ഉണ്ടാക്കി വെട്ടിക്കുന്നത് കോടികളുടെ നികുതി. തട്ടിപ്പിന് പിന്നിൽ വൻ മാഫിയയെന്ന് ജിഎസ്ടി വകുപ്പ്. ദിവസവേതനക്കാരനായ മലപ്പുറം സ്വദേശിക്ക് ലഭിച്ചത് 40 ലക്ഷം ജിഎസ്ടി ബില്ലാണ്. തൃശൂരിലും, നാഗ്പൂരിലും ഇയാളുടെ പേരിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാധാരണക്കാരെ വഞ്ചിച്ച് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്താണ് തട്ടിപ്പ്. ദിവസ വേതനക്കാരനായ മലപ്പുറം സ്വദേശി പ്രശാന്തിന്റെ പേരിൽ രണ്ട് ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പുകാർ തരപ്പെടുത്തിയതായി കണ്ടെത്തി. ഷെയർ ബിസിനസെന്ന പേരിലാണ് തന്നെ സമീപിച്ചതെന്ന് പ്രശാന്തൻ. അങ്ങനെയാണ് രേഖകളും മറ്റും തട്ടിപ്പുകാർക്ക് നൽകിയത്. അധിക വരുമാനം എന്ന പ്രലോഭനവുമായാണ് തട്ടിപ്പുകാർ സാധാരണക്കാരെ സമീപിക്കുന്നത്. പ്രശാന്ത് ട്രെയ്‌ഡേഴ്‌സ് എന്ന പേരിലാണ് പ്രശാന്തിനായി കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏജന്റുമാർ ഇയാൾക്ക് ചെറിയ തുക നൽകി പാൻ കാർഡ് അടക്കമുള്ള വിവരങ്ങൾ വാങ്ങി.
Read Also : പെരുമ്പാവൂരിൽ വീണ്ടും ജിഎസ്ടി തട്ടിപ്പ്; ദിവസവേതനക്കാരന് 3 കോടി രൂപ ജിഎസ്ടി അടയ്ക്കാനുള്ള ഉത്തരവ്
സാമ്പത്തിക സ്രോതസില്ലാത്ത ആളുകളുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് ബിസിനസ് നടത്തുകയാണെന്ന് ജിഎസ്ടി വകുപ്പ് അധികൃതർ പറയുന്നു. ഇതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബിസിനസുമായി യാതൊരു ബന്ധവുമില്ലാത്ത ആളിന്റെ പേരിലാണ് രജിസ്‌ട്രേഷൻ എടുക്കുന്നത്. വാഹനവും ചരക്കും കസ്റ്റഡിയിലെടുത്ത് സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അധികൃതർ.
പിടിക്കപ്പെട്ടപ്പോൾ ലോഡുകൾ വിട്ടുകിട്ടുന്നതിനായി വ്യാജ ജാമ്യ ഹർജിയും തട്ടിപ്പ് സംഘം ഹൈക്കോടതിയിൽ നൽകി. തട്ടിപ്പിന് പിന്നിൽ വൻ മാഫിയയെന്ന് ജിഎസ്ടി വകുപ്പ് കോടതിയെ അറിയിച്ചു. നിരവധി പേരെ വഞ്ചിച്ച് ജിഎസ്ടി രജിസ്‌ട്രേഷൻ തരപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയെന്നും ജിഎസ്ടി വിഭാഗം. ഏജന്റുമാരെ വച്ച സ്വാധീനിച്ചാണ് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തുന്നത്. ഒരേ അഡ്രസിൽ നിരവധി ഇടങ്ങളിൽ വ്യത്യസ്ത മൊബൈൽ നമ്പറുകളിൽ രജിസ്‌ട്രേഷൻ നടത്തുന്നു.
കേരളത്തിൽ നിന്ന് സാധാരണക്കാരുടെ പേരിൽ പല സ്ഥലങ്ങളിലേക്ക് ലോഡുകൾ ഇങ്ങനെ പോകുന്നു. പ്രശാന്തിന്റെ ജിഎസ്ടി രജിസ്‌ട്രേഷനിൽ 20തോളം ഇൻവോയിസുകൾ ആണുള്ളത്. 22,000ൽ അധികം കിലോ അടയ്ക്ക നാഗ്പൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ജിഎസ്ടി വകുപ്പിന് സംശയം തോന്നി പിടിച്ചുവച്ചു. അങ്ങനെ അന്വേഷണം പ്രശാന്തിലേക്ക് എത്തി.
രാജ്യത്താകെ നെറ്റ്‌വർക്ക് ഉള്ള തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ബോർഡറുകൾ പങ്കിടുന്ന ജില്ലകളായ മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ സംഘത്തിന് സ്വാധീനമുണ്ട്. ഡിജിറ്റൽ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. പത്തോ ഇരുപതോ ലോഡ് ഒരാളുടെ പേരിൽ കടത്തുന്നു. പിന്നീട് രജിസ്‌ട്രേഷൻ കാൻസൽ ആകും. യഥാർത്ഥ ആളുകളിലേക്ക് അന്വേഷണം ഇതുവഴി എത്താതിരിക്കുകയാണ്. കോടികളുടെ നികുതി വെട്ടിപ്പാണ് നടക്കുന്നത്. കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു.
Story Highlights – gst scam, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here