എടികെയുമായി കരാർ പുതുക്കി; ജോബി ജസ്റ്റിൻ ബ്ലാസ്റ്റേഴ്സിലേക്കില്ല

മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ എടികെ മോഹൻ ബഗാനുമായി കരാർ പുതുക്കി. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് സൂചനയുണ്ടായിരുന്ന താരമാണ് ജോബി. എന്നാൽ, ജോബി ക്ലബിൽ തുടരുമെന്ന് ഇപ്പോൾ എടികെ തന്നെ വെളിപ്പെടുത്തി. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോബി 2022 വരെ തുടരുമെന്ന് ക്ലബ് അറിയിച്ചത്.
കഴിഞ്ഞ സീസണിൽ എടികെയിൽ അധികം അവസരം ലഭിക്കാത്തതു കൊണ്ട് തന്നെ ജോബി ബ്ലാസ്റ്റേഴ്സിൻ്റെ ഓഫർ സ്വീകരിക്കുമെന്ന് സൂചന ഉണ്ടായിയിരുന്നു. ഫൈനൽ ഇലവനിൽ കളിച്ചത് ചുരുങ്ങിയ മത്സരങ്ങളിൽ മാത്രമായിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് ആയാണ് ഹബാസ് താരത്തെ ഉപയോഗിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ജോബി സീസണിൽ നേടിയതും. എടികെ ഐഎസ്എൽ ചാമ്പ്യന്മാരായെങ്കിലും വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തത് ജോബിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read Also : ജോബി ജസ്റ്റിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന
കേരള സന്തോഷ് ട്രോഫി ടീമിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് ചുവടു വെച്ച തിരുവനന്തപുരം സ്വദേശി ജോബി കെഎസ്ഇബിയിലൂടെയാണ് ക്ലബ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. പ്രഥമ കേരള പീമിയർ ലീഗിൽ കെഎസ്ഇബിക്കായി ബൂട്ട് കെട്ടിയ ജോബിയുടെ മികവിൽ അക്കൊല്ലത്തെ ചാമ്പ്യൻ പട്ടം കെഎസ്ഇബി സ്വന്തമാക്കി. പുതിയ താരങ്ങളെ കണ്ടെത്താൻ പ്രീമിയർ ലീഗ് മത്സര വേദിയിലെത്തിയ ഈസ്റ്റ് ബംഗാൾ സ്കൗട്ട് ജോബിയുടെ കളി മികവ് ശ്രദ്ധിച്ചു. കേരള പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ജോബിയെ തൊട്ടടുത്ത കൊല്ലം, 2017ൽ ഈസ്റ്റ് ബംഗാൾ ടീമിലെത്തിച്ചു. 2017-18 സീസണിൽ 9 തവണ ക്ലബിനായി കളത്തിലിറങ്ങിയ ജോബി രണ്ട് ഗോളുകൾ നേടിയിരുന്നു. തൊട്ടടുത്ത സീസണിൽ ജോബി ഈസ്റ്റ് ബംഗാളിനായി 9 ഗോളുകൾ നേടി. ഈസ്റ്റ് ബംഗാളിൻ്റെ ഈ സീസണിലെയും ഐലീഗിലെ ഇന്ത്യൻ കളിക്കാരിലെയും ടോപ്പ് സ്കോറർ ആയാണ് ജോബി ഈസ്റ്റ് ബംഗാളിൽ നിന്ന് എടികെയിലേക്ക് കൂടു മാറിയത്. ഭീമമായ തുകക്കാണ് എടികെ മലയാളി സ്ട്രൈക്കറെ ടീമിൽ എത്തിച്ചത്.
Story Highlights – jobby justine will continue in atk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here