സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് രണ്ട് കോടി

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ രണ്ട് കോടി രൂപ തട്ടിയെടുത്തു. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള പണമാണ് തട്ടിയെടുത്തത്. മാസങ്ങൾക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചു.

സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മാസം മുൻപ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മേയ് 31നാണ് സബ്ട്രഷറി ഓഫീസർ വിരമിച്ചത്.

Read Also : തിരുവനന്തപുരം കൊച്ചുതുറയില്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്

അതിന് രണ്ട് മാസം മുൻപ് മുതൽ അദ്ദേഹം അവധിയിലുമായിരുന്നു. വിരമിക്കുന്ന ദിവസം തന്നെ യൂസർനെയിമും പാസ്‌വേർഡും റദ്ദാക്കണമെന്നാണ് ചട്ടം. ഈ യൂസർനെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു.

എന്നാൽ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കിൽ രണ്ട് കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറേയും വിജിലൻസിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു. കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ, കൂടുതൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നിവയിൽ വിശദമായ അന്വേഷണം നടത്താൻ ട്രഷറി ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പണം തട്ടിയെടുത്തതിൽ ട്രഷറി ഡയറക്ടർ സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും.

Story Highlights trivandrum, vanchiyur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top