ഒക്ടോബറോടെ വാക്‌സിൻ നടപടികൾ പൂർത്തിയാക്കാനൊരുങ്ങി റഷ്യ; ആദ്യഘട്ട പരീക്ഷണം ഡോക്ടർമാരിലും അധ്യാപകരിലും

ഒക്ടോബറോടെ വാക്‌സിൻ നടപടികൾ പൂർത്തിയാക്കാനൊരുങ്ങി റഷ്യ. ആദ്യഘട്ടത്തിൽ ഡോക്ടർമാർക്കും അധ്യാപകർക്കുമാവും പ്രതിരോധ വാക്സിൻ നൽകുക. റഷ്യ വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് ഈ മാസം അധികൃതർ അന്തിമ അനുമതി നൽകുമെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വാക്‌സിൻ നിർമാണം അതിവേഗത്തിലാക്കാൻ റഷ്യ സ്വീകരിക്കുന്ന നടപടികൾ ശരിയല്ലെന്നാണ് അമേരിക്കയിലെ പകർച്ചവ്യാധി പ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി അഭിപ്രായപ്പെടുന്നത്. സുരക്ഷിതമായ വാക്സിൻ അമേരിക്ക ഈ വർഷം അവസാനം പുറത്തിറക്കുമെന്നും അമേരിക്കയെക്കാൾ മുൻപ് മറ്റാരെങ്കിലും വാക്സിൻ കണ്ടെത്തുമെന്നോ അതിനുവേണ്ടി ആരെയെങ്കിലും ആശ്രയം വേണ്ടിവരുമെന്നോയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽ കൊവിഡ് വാക്‌സിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ലോകത്തെ 20 ലധികം ക്ലിനിക്കുകളിൽ ഇതിനായുള്ള ശ്രമങ്ങൾ ഊർജ സ്വലമായി നടക്കുന്നുമുണ്ട്. മോസ്‌കോയിലെ ഗമേലെയ ഇൻസ്റ്റിറ്റ്യൂട്ട് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂർത്തിയാക്കിയതായും നിലവിൽ രജിസ്ട്രേഷൻ നടപടികൾ നടക്കുകയാണെന്നും റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ അവകാശപ്പെട്ടതായി ഇന്റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടുകളിൽ പറയുന്നു. മാത്രമല്ല, വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായതായും ഗമേലെയ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

ഇതിനിടെ വാക്സിൻ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങളെ റഷ്യയിലെ ഹാക്കിംഗ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നതായി യു.കെ, യു.എസ്, കാനഡ എന്നീ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.

Story Highlights Russia ready to complete covid vaccination process by October; Initial testing in doctors and teachers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top