Advertisement

ഓടിയെത്തിയവർ കാഴ്ചക്കാരായി; അപകടത്തിൽ പരുക്കേറ്റ യുവാവ് ചോര വാർന്ന് മരിച്ചു

August 2, 2020
Google News 1 minute Read

ഓടിയെത്തിയവർ കാഴ്ചക്കാരായി അപകടത്തിൽ പരിക്കേറ്റ യുവാവ് ചോരവാർന്ന് മരിച്ചു. തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയിലുണ്ടായ അപകടത്തെ തുടർന്ന്, പരുക്കേറ്റ തലവടിസൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽപറമ്പിൽ മാത്യു ഏബ്രഹാമിന്റെ മകൻ ജിബു ഏബ്രഹാം(23) ആണ് റോഡിൽ ചോര വാർന്ന് മരിച്ചത്. ജിബുവും സുഹൃത്ത് തലവടി സ്വദേശി ജെഫിനും സഞ്ചരിച്ച ബൈക്ക് നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ബിംബിയുടെ കാറുമായി കടപ്ര പുളിക്കീഴിൽവച്ച് ശനിയാഴ്ച രാവിലെ കൂട്ടിയിടിക്കുകയായിരുന്നു.

എന്നാൽ, അപകടം കണ്ടു നിന്നവരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുമായി 15 ഓളം ആളുകൾ ഉണ്ടായിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന് ആരും തയാറായില്ല. ഡോ. ബിംബിയും മറ്റൊരു വാഹനത്തിൽവന്ന സ്ത്രീയും കൂടി, വീണുകിടന്ന യുവാവിന്റെ അടുത്തേക്ക് എത്തിയെങ്കിലും ഇവർക്കു തന്നെ എടുത്തുമാറ്റാൻ കഴിഞ്ഞില്ല.

അപകടം നടന്ന് 20 മിനിറ്റ് സമയം തലയിൽ നിന്ന് ചോര ഒഴുകുന്ന നിലയിലായിരുന്നു ജിബു. പിന്നീട് യാത്രക്കാരായ പെരിങ്ങര സ്വദേശി പി.വി. സതീഷ് കുമാറും തിരുമൂലപുരം സ്വദേശി മുരളീദാസും ചേർന്ന് ജിബുവിനെ റോഡിൽ നിന്ന് മാറ്റി കിടത്തുകയായിരുന്നു. ഇതിനിടയിൽ പൊലീസെത്തി മറ്റൊരു വാഹനത്തിൽ കയറ്റി ജിബുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ജെഫിനെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദേശത്ത് ജോലിയിലായിരുന്ന ജിബു തിരികെപ്പോകാനിരിക്കുകയായിരുന്നു.

Story Highlights thiruvalla accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here