സ്വർണക്കടത്ത് ഒത്തുതീർപ്പാക്കിയതിൽ കൂടുതൽ തെളിവ്; മുസ്ലീം ലീഗ് നേതാവിനെ പ്രതിക്കൂട്ടിലാക്കി നേപ്പാൾ ജയിലിൽ കഴിയുന്നവരുടെ കത്ത്

ശ്രീജിത്ത് ശ്രീകുമാരൻ/
സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനിൽവച്ച് ഒത്തുതീർപ്പാക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. പ്രാദേശിക മുസ്ലീം ലീഗ് നേതാവിനെ പ്രതിക്കൂട്ടിലാക്കി നേപ്പാൾ ജയിലിൽ കഴിയുന്നവരുടെ കത്ത് പുറത്തായി. സ്വർണം കടത്തിയത് തിരൂരങ്ങാടി പഞ്ചായത്ത് മുൻ മെമ്പറും ലീഗ് നേതാവുമായ അബ്ദുൾ റസാഖ് ഹാജിക്കായെന്ന് കത്തിൽ പറയുന്നു. അബ്ദുൾ റസാഖ് ഹാജിക്ക് 1989 മുതൽ സ്വർണക്കടത്താണ് തൊഴിലെന്ന് പ്രതികൾ കത്തിൽ ചൂണ്ടിക്കാട്ടി.
സ്വർണ ക്യാരിയർമാരായി അറസ്റ്റ് ചെയ്യപ്പെട്ട് കാഠ്മണ്ഠു ജയിലിൽ കഴിയുന്ന അർഷാദ്, ജലാലുദ്ദീൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അബ്ദുൾ റസാഖ് ഹാജിക്കായി രണ്ട് തവണ നേപ്പാൾ വഴി സ്വർണം കടത്തിയെന്ന് കത്തിൽ പറയുന്നു. സ്വർണം ലഭിച്ചത് ഹാജിയുടെ ഗൾഫിലുള്ള ഫ്‌ളാറ്റിൽ നിന്നാണെന്നും ആദ്യ തവണ സ്വർണമെത്തിച്ച് നൽകിയത് ഹാജിയുടെ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലുമാണെന്നും കത്തിൽ പറയുന്നു.
Read Also :സ്വർണക്കടത്ത് കേസിൽ പൊലീസും മുൻ പഞ്ചായത്ത് മെമ്പറും തമ്മിൽ ഒത്തുകളിച്ചതായി പരാതി; 24 എക്‌സ്‌ക്ലൂസീവ്
പിടിയിലായപ്പോൾ രക്ഷിക്കാമെന്ന് ഉറപ്പ് നൽകി. പിന്നീട് തിരിഞ്ഞ് നോക്കിയില്ല. മറ്റ് ക്യാരിയർമാരുടെ പേരുകളും കത്തിലുണ്ട്. അബ്ദുൾ റസാഖ് ഹാജിയുടെ സിം കാർഡ് വിവരങ്ങളടക്കം തങ്ങളുടെ കൈവശമുണ്ടെന്നും ക്യാരിയർമാർ പറയുന്നു. നേപ്പാൾ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ മുഖാന്തിരമാണ് മുഖ്യമന്ത്രിക്കുള്ള കത്ത് പ്രതികൾ വീട്ടിലേക്കെത്തിച്ചത്. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങി പ്രതികളുടെ വീട്ടുകാർ കത്ത് മുഖ്യമന്ത്രിക്ക് നൽകിയില്ല.
Story Highlights – Gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here