ബെയ്റൂട്ട് സ്ഫോടനവും റഫീഖ് ഹരീരിയുടെ കൊലപാതകവും; ചരിത്രവും വർത്തമാനവും

Rafic Hariri beirut explosion

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ കൂറ്റൻ സ്ഫോടനങ്ങളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. തുറമുഖത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ പൊട്ടിത്തെറിച്ചതാണെന്നും കപ്പൽ പൊട്ടിത്തെറിച്ചതാണെന്നുമൊക്കെ കേൾക്കുന്നു. കൃത്യമായ വിവരങ്ങൾ അറിയാനിരിക്കുന്നേയുള്ളൂ. ഇതിനിടെ, മുൻ ലബനീസ് പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം എന്ന ശ്രദ്ധേയമായ വിവരം ചില മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതോടൊപ്പം, രണ്ടാമത്തെ സ്ഫോടനം ഉണ്ടായത് ഹരീരിയുടെ വീടിനു സമീപത്താണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഥവാ, ഹരീരിയുമായി ഈ സ്ഫോടനത്തിന് എന്തോ ബന്ധമുണ്ടെന്ന് സാരം.

Read Also : ബെയ്റൂട്ടിലെ സ്‌ഫോടനം; സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എംബസി

ആരാണ് റഫീഖ് ഹരീരി?

റഫീഖ് ബഹ എൽ ദീൻ അൽ ഹരീരി എന്നാണ് റഫീഖ് ഹരീരിയുടെ മുഴുവൻ പേര്. രണ്ട് വട്ടം ലബനൻ പ്രധാനമന്ത്രി ആയ ഒരു ബിസിനസ് ടൈക്കൂൺ. 1992 മുതൽ 98 വരെയും 2000 മുതൽ 2004 വരെയുമാണ് അദ്ദേഹം ലബനൻ പ്രധാനമന്ത്രിയായിരുന്നത്. 2004ൽ അദ്ദേഹം രാജി വെക്കുകയായിരുന്നു. 15 വർഷം നീണ്ട ലബനീസ് ആഭ്യന്തര യുദ്ധത്തിന് തായിഫ് ഉടമ്പടിയിലൂടെ അന്ത്യം കുറിച്ചത് ഹരീരി ആയിരുന്നു. തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ മുഖഛായ മാറ്റിയതും ഇദ്ദേഹം തന്നെ. 65ൽ സൗദിയിലേക്ക് പോയ അദ്ദേഹം അവിടെ വെച്ചാണ് തൻ്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. 80കളുടെ തുടക്കത്തിൽ തിരികെ ലബനനിലെത്തിയെ അദ്ദേഹം ഉയർന്ന തുകകൾ സംഭാവന ചെയ്തും വിവിധ രാഷ്ട്രീയ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടും ഒരു വിലാസം ഉണ്ടാക്കിയെടുത്തു. 90ലായിരുന്നു തായിഫ് കരാർ. സൗദി നയതന്ത്ര പ്രതിനിധിയായി നിന്ന് ആഭ്യന്തര കലഹം അവസാനിപ്പിച്ചത് ഹരീരിക്ക് വലിയ മൈലേജുണ്ടാക്കി. 92ൽ ആഭ്യന്തര യുദ്ധാനന്തരമുള്ള ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം അവരോധിക്കപ്പെട്ടു. സാമ്പത്തികമായി രാജ്യത്തെ ഹരീരി ഏറെ ഉയരങ്ങളിലെത്തിച്ചു.

വിവാദങ്ങൾ

ഹരീരി അഴിമതിക്കാരനാണെന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം. സിറിയൻ അധിനിവേശ കാലത്ത് ലെബനനിലുണ്ടായ അഴിമതിയിൽ ഹരീരിയും ആരോപണവിധേയനായി. 92ൽ പ്രധാനമന്ത്രിയായി സ്ഥാനമേൾക്കുമ്പോൾ ഒരു ബില്ല്യൺ യുഎസ് ഡോളർ ആസ്തിയുണ്ടായിരുന്ന അദ്ദേഹം മരിക്കുമ്പോൾ 16 ബില്ല്യൺ യുഎസ് ഡോളർ ആസ്തി ആയത് അഴിമതിയിലൂടെയാണെന്നാണ് ആരോപണം. ബെയ്റൂട്ട് നഗരത്തെ പുതുക്കിപ്പണിയാനുള്ള കമ്പനിയുടെ പ്രധാന ഓഹരി ഉടമ ഹരീരി ആയിരുന്നു. അദ്ദേഹവും മറ്റ് ഓഹരി ഉടമകളും ഈ പ്രൊജക്ടിൽ നിന്ന് ഒരുപാട് സ്വത്ത് സമ്പാദിച്ചു എന്നത് പരസ്യമായ രഹസ്യമാണ്. സൈന്യത്തിൻ്റെയും സർക്കാരിൻ്റെയും പിന്തുണക്കായി പൊതു ഖജനാവിൽ നിന്ന് എല്ലാ പ്രമുഖർക്കും അദ്ദേഹം വാരിക്കോരി പണം നൽകി.

Read Also : ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം

ഹരീരിയുടെ കൊലപാതകം

2005 ഫെബ്രുവരി 14നാണ് ഹരീരി കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ സെൻ്റ് ജോർജ് ഹോട്ടലിനരികിലൂടെ കടന്നു പോകുന്ന അദ്ദേഹത്തിൻ്റെ മോട്ടോർവാഹന ജാഥക്കരികിൽ ഉണ്ടായിരുന്ന ഒരു മിറ്റ്സുബിഷി വാൻ പൊട്ടിത്തെറിച്ചായിരുന്നു ഹരീരിയുടെ മരണം. 1800 കിലോയോളം ടിഎൻടി നിറച്ച വാഹനമായിരുന്നു അത്. സ്ഫോടനത്തിൽ ഹരീരിയും മറ്റ് 22 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പട്ടെവരിൽ ഹരീരിയുടെ അംഗരക്ഷകരും മുൻ മന്ത്രിയുമൊക്കെ ഉൾപ്പെട്ടിരുന്നു.

2006ൽ സ്ഫോടനത്തിനു പിന്നിൽ ഒരു ചാവേർ ആവാമെന്ന് കണ്ടെത്തലുണ്ടായി. 2014ൽ സിറിയൻ സർക്കാരിന് കൊലപാതകവുമായി ബന്ധമുണ്ടാവാമെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ ഹിസ്ബുല്ലയാണ് കൊലക്ക് പിന്നിലെന്ന് ഒരു അന്വേഷണ സംഘം കണ്ടെത്തി. തങ്ങളല്ല, ഇസ്രായേലാണെന്ന് ഹിസ്ബുല്ലയുടെ ആരോപണം. ശേഷം നാല് ഹിസ്ബുല്ല അംഗങ്ങൾക്കെതിരെ അറസ്റ്റ് വാറണ്ട്. ഈ കേസിലെ വിധി വരാനിരിക്കെയാണ് ഇപ്പോൾ സ്ഫോടനം ഉണ്ടായിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ചയാണ് കേസിലെ വിധി.

Story Highlights Link between Rafic Hariri and beirut explosion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top