എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോര്‍ട്ട്‌കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുന്നു: മുഖ്യമന്ത്രി

എറണാകുളത്ത് ആലുവ ക്ലസ്റ്ററിലും ഫോര്‍ട്ട്‌കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞദിവസം കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോര്‍ട്ട്‌കൊച്ചി മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 82 സ്വകാര്യ ആശുപത്രികളാണ് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ ഒന്‍പത് പേരാണ് ഗുരുതര ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. ഐസിയുവില്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
തൃശൂര്‍ ജില്ലയ്ക്ക് പുറത്തുള്ള പട്ടാമ്പി ക്ലസ്റ്ററില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. പാലക്കാട് ജില്ലയിലെ ആദിവാസി കോളനികളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ട്. പുറത്തുനിന്ന് ആളുകള്‍ വരുന്നത് തടയുന്നതിനായി ആരോഗ്യം, ട്രൈബല്‍, വനം വകുപ്പുകളുടെ നേതൃത്വത്തില്‍ പറമ്പിക്കുളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയിലെ കൊവിഡ് ബാധിതര്‍ക്കായി 420 കിടക്കകളോടെ ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Aluva cluster and Fort Kochi covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here