കൊവിഡ് വ്യാപനത്തിനിടെ മഹാരാഷ്ട്രയില്‍ കനത്ത മഴ

കൊവിഡ് വ്യാപനത്തിനിടെ മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മുംബൈ, താനെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ പ്രധാന പാതകളിലടക്കം ഗതാഗത സംവിധാനം താറുമാറായി. വിവിധ അപകടങ്ങളില്‍ മുംബൈയില്‍ നാല് പേര്‍ മരിച്ചു. മുംബൈയില്‍ 48 മണിക്കൂറായി കനത്ത മഴ തുടരുകയാണ്.
ദാദര്‍ ,ബാന്ദ്ര, കുര്‍ള, സയണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. ചേരിപ്രദേശങ്ങളിലെ കടകളും, വീടുകളും വെള്ളത്തിനടിയിലായി. അടുത്ത ആറു മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാല്‍ഘട്ട്, റായ്ഗഡ്, അഹമ്മദ്‌നഗര്‍,നാസിക് എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീട് തകര്‍ന്നും, വൈദ്യുതിക്കമ്പി പൊട്ടിയും നാലു പേര്‍ മുംബൈയില്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ ഏഴു വയസുള്ള കുട്ടിയെ കാണാതായി.
മുംബൈയിലെ സാന്താക്രൂസ്, കൊളമ്പ എന്നിവിടങ്ങളില്‍ 28 സെന്റീമീറ്ററിലധികം മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെസ്റ്റേണ്‍ എക്‌സ്പ്രസ് വേയില്‍ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ പലതും റദ്ദാക്കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി . രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചു. 2017 ന് ശേഷമുളള കനത്ത മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തുന്നത്.
Story Highlights – Heavy rains in Maharashtra, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here