പരിണാമം

…
സിറിൾ മുകളേൽ/ കവിത
കവിയും കഥാകൃത്തും ഗാനരചയിതാവുമാണ് ലേഖകൻ
രാത്രിയും പകലും ഭൂമിയുടെ അച്ചുതണ്ടിൽ
എവിടെയോ കുരുങ്ങിക്കിടക്കുന്നു
എന്റെ കാലെയ്ഡോസ്‌കോപ്പിന്റെ ചില്ലുകഷണങ്ങളിൽ
ഭൂമിയുടെ ഗർഭപാത്രത്തിൽ വഴുതി വീണ
കുറേ ഉറുമ്പുകളുടെ മങ്ങിയ നിഴൽ മാത്രം
പൊട്ടിയ ഈ നിലക്കണ്ണാടിയുടെ പിന്നിൽ
ചിന്നിച്ചിതറി രോമാവൃതമായ ഒരു മുഖം
കഠാരക്കരുത്തിന്റെ നഖങ്ങൾ
ശൈശവത്തിന്റെ കാൽപ്പാടിലൂടെ നടക്കുന്ന കാൽപത്തികൾ
അഴിക്കുള്ളിൽ മുന്നോട്ടു പോകാനാകാതെ ഒരു മനുഷ്യകുരങ്ങ്
ഡാർവിൻ, ഇതാണോ നീ പറഞ്ഞ മടക്കയാത്ര?
ഡിസംബറിൽ അലിഞ്ഞ മഞ്ഞുതുള്ളികൾ
കരിനാഗങ്ങളായി തിരികെവന്ന്, ചുട്ട സൂര്യനെ വിഴുങ്ങി
ഈസ്റ്ററും വിഷുവും റമദാനും കലണ്ടറിലെ ചുവന്ന അക്കങ്ങളിൽ വീർപ്പുമുട്ടി
സ്ഥലം തെറ്റി വന്ന ഹിമവർഷം
വഴിമാറി വന്ന ദേശാടനപക്ഷികളുടെ ഭീതിപ്പെടുത്തുന്ന ദീനരോദനം
മഹാമാരിയുടെ ലഹരിയിൽ മറ്റു ദീനങ്ങൾ എവിടെപ്പോയി?
വരാത്ത രോഗത്തിന് ഇല്ലാത്ത മരുന്നുമായി ചിലന്തികൾ
വല നെയ്തുകൊണ്ടിരുന്നു
ഭ്രാന്തുപിടിച്ച കീബോർഡുകൾ സദാനേരം ജ്ഞാനം വിളമ്പുന്നു
തലവരയിൽ രമിച്ച പുഴുക്കുത്തുകൾ ഒചിത്യമില്ലാതെ
ആചാരങ്ങൾക്കും ഔപചാരിതക്കും വിലപറഞ്ഞുകൊണ്ട്
ജീർണതയുടെ നുര രുചിച്ചു കൊണ്ടിരുന്നു
സ്വന്തം നിഴലുകളിൽ വഴുതി വീണവർ ഭാവികാലത്തിന്റെ ഭൂതത്തെ
രേഖ മാഞ്ഞ കൈവെള്ളയിൽ കോറിക്കൊണ്ടിരുന്നു
കാലചക്രത്തെ തിരിച്ചുകൊണ്ടിരിക്കുന്നു ഓളങ്ങൾ
ദുരന്തങ്ങളുടെ സ്ഥിരവിവരക്കണക്കിലെ ഒരു കുമിള
ഇരുൾ, വെളിച്ചത്തിൽ നിന്നും
വെളിച്ചം, ഇരുളിൽ നിന്നും
എന്നിൽ നിന്ന് ഞാനും അകന്നുകൊണ്ടിരുന്നു
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരു നേർത്ത വര
ആദ്യം ഒരുതുള്ളി ചോര പിന്നെ സൂര്യൻ കടലിൽ കലങ്ങി
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers Blog, Poem, Parinamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here