വുഹാനിൽ കൊവിഡ് മുക്തരായ 90 ശതമാനം ആളുകൾക്കും ശ്വാസകോശക്ഷതം: റിപ്പോർട്ട്

patients Wuhan lung damage

വുഹാനിൽ കൊവിഡ് മുക്തരായ 90 ശതമാനം ആളുകൾക്കും ശ്വാസകോശക്ഷതമെന്ന് റിപ്പോർട്ട്. രോഗം ഭേദമായ അഞ്ച് ശതമാനം ആളുകൾക്ക് വീണ്ടും കൊവിഡ് ലക്ഷണങ്ങൾ കാണിക്കുകയും അവർ ക്വാറൻ്റീനിൽ പ്രവേശിക്കുകയും ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്, വുഹാനിലെ ഷോങ്നാൻ ആശുപത്രിയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട്.

Read Also : ആയിരം കടന്ന് സമ്പര്‍ക്ക രോഗികള്‍ ; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്

ഏപ്രിലിൽ കൊവിഡ് മുക്തരായ 100 ആളുകളെ ആശുപത്രിയിലെ ഐസിയു ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. 59 ആയിരുന്നു ഇവരുടെ ശരാശരി പ്രായം. പഠന റിപ്പോർട്ട് പ്രകാരം 90 ശതമാനം രോഗികൾക്കും ശ്വാസകോശക്ഷതം ഉള്ളതായി കണ്ടെത്തി. പൂർണ ആരോഗ്യമുള്ളവരുടെ അത്രയും നന്നായി ഇവരുടെ ശ്വാസകോശം ജോലി ചെയ്യാൻ തുടങ്ങിയിട്ടില്ലെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. രോഗമുക്തരായി മൂന്നു മാസങ്ങൾക്കു ശേഷവും ചിലർക്ക് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ മാത്രമേ ശ്വസിക്കാൻ കഴിയുന്നുള്ളൂ എന്നും സംഘം കണ്ടെത്തി.

10 ശതമാനം രോഗികളിൽ കൊവിഡ് ആൻ്റിബോഡികൾ അപ്രത്യക്ഷമായി. കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് അഞ്ച് ശതമാനം ആളുകളെ വീണ്ടും ക്വാറൻ്റീനിലാക്കുകയും ചെയ്തു.

Read Also : ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ് ബാധ; 60 ഓളം രോഗികൾ; ഏഴ് മരണം

ലോകത്തിൽ ആദ്യമായി വുഹാനിലാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. 68,138 കൊവിഡ് കേസുകളാണ് ഇതുവരെ ഹുബേ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹുബേയുടെ തലസ്ഥാനമാണ് വുഹാൻ. 4,512 പേർ ഹുബേയിൽ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

ചൈനയിൽ 27 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 84,491 കേസുകളാണ് ഇതുവരെ ചൈനയിൽ റിപ്പോർട്ട് ചെയ്തത്. 810 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതിൽ 36 പേർ ഗുരുതരവസ്ഥയിലാണ്. 79,047 പേർ രോഗമുക്തരായി.

Story Highlights 90% of recovered patients in Wuhan suffering from lung damage report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top