ചൈനയിൽ ആശങ്ക ഉയർത്തി പുതിയ വൈറസ് ബാധ; 60 ഓളം രോഗികൾ; ഏഴ് മരണം

ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി.
കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് പുതിയ വൈറസ് ബാധയുടെ 37 കേസുകൾ റിപ്പോർട്ട് ചെയ്തത്. ജിയാങ്സുവിന്റെ തലസ്ഥാനമായ നാൻജിങ്ങിൽ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടത്. വൈറസ് ബാധിച്ച ഇവർ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയിൽ ഇവരിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ രോഗമുക്തയായി ആശുപത്രി വിട്ടു. പിന്നീട്, അൻഹുയി പ്രവിശ്യയിൽ 23 പേർക്ക് കൂടി രോഗം കണ്ടെത്തി. ജിയാങ്‌സുവിലും അൻഹുയിലുമായാണ് ഏഴ് പേർ മരിച്ചത്.
Read Also :ചൈനയിൽ കൊവിഡ് സാമ്യമുള്ള വൈറസിനെ ഏഴ് വർഷം മുൻപ് കണ്ടെത്തിയിരുന്നതായി റിപ്പോർട്ട്
രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയിൽ നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചെള്ളിന്റെ കടിയേൽക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കുന്നിടത്തോളം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
Story Highlights – China, Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here