സുശാന്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയ ചക്രവർത്തിയെ ചോദ്യം ചെയ്യും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടി റിയ ചക്രവർത്തിയെ നാളെ ചോദ്യം ചെയ്യാനാണ് ശ്രമം.
സുശാന്ത് സിംഗ് രജ്പുത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ അൻപത് കോടി രൂപ പിൻവലിച്ചതായി ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഒരു വർഷത്തിനിടെ 15 കോടി രൂപ പിൻവലിച്ചു. സാമ്പത്തിക ഇടപാടുകളുടെ വശം മുംബൈ പൊലീസ് അന്വേഷിക്കുന്നില്ലെന്നും ബിഹാർ ഡിജിപി കുറ്റപ്പെടുത്തി. നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ എഫ്.ഐ.ആറിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പരാമർശമുണ്ട്. ബിഹാർ പൊലീസിന്റെ നിഗമനങ്ങളെ അതീവ ഗൗരവത്തോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാണുന്നത്. അതിനാൽ തന്നെ റിയ ചക്രവർത്തിയെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാളെ മുംബൈയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടിക്ക് നോട്ടീസ് കൈമാറി.
അതേസമയം, നടന്റ മരണത്തിൽ സിബിഐ ഇന്ന് തന്നെ അന്വേഷണം തുടങ്ങുമെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ബിഹാർ സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് പേഴ്സണൽ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
Story Highlights – Sushant singh Rajput, Rhea Chakraborty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here