ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു : മുഖ്യമന്ത്രി

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലുണ്ടായത്. പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഇതോടെ 20 എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി.
മൂന്നാർ മേഖലയിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയാണ് ഇടുക്കിയിൽ ഉള്ളത്. മൂന്നാർ അടക്കമുള്ള മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. ഇതേ തുടർന്ന് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മൂന്നാർ പെരിയവര താത്കാലിക പാലം തകർന്നു. ഗതാഗതം തടസപ്പെട്ടതോടെ മറയൂർ അടക്കമുള്ള എസ്‌റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ടു.
Story Highlights – idukki rajamala rescue operation underway says cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here