കടവൂർ ജയൻ വധക്കേസ്; ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ് വിധിച്ച് ജില്ലാ സെഷൻസ് കോടതി. വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും 71500 രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ വിധിച്ചത് കൊല്ലം ജില്ലാ സെഷൻസ് ജഡ്ജ് സുരേഷ്കുമാറാണ്. ഏഴും എട്ടും ഒൻപതും പ്രതികൾ ആയുധം ഉപയോഗിക്കാത്തതിനാൽ 148 ഐപിസി പ്രകാരമുള്ള ശിക്ഷയില്ല. ഇന്നലെ കേസിലെ രണ്ട് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ, പ്രതികളെ വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കിയത്. കായംകുളം കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് പ്രതികൾ ഇപ്പോഴുള്ളത്.
Read Also : രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
2012 ഫെബ്രുവരി ഏഴിനാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ കൊല്ലപ്പെട്ടത്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിസ്താരം മാത്രം ഒരു വർഷം നീണ്ടുനിന്നു എന്ന പ്രത്യേകതയും കടവൂർ ജയൻ വധക്കേസിനുണ്ട്.
കേസിലെ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒൻപത് പേർക്കും ജീവപര്യന്തം തടവും ഒരോ ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ ജില്ലാ കോടതി നടപടികളിൽ വീഴ്ചയുണ്ടെന്ന് കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.
പ്രതികളുടെ വാദം അംഗീകരിച്ച കോടതി കേസിൽ വീണ്ടും വാദം കേൾക്കാൻ നിർദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അഞ്ച് ദിവസം പുനർവാദം നടന്നു. അതിന് ശേഷവും പ്രതികളായ വിനോദ്, ഗോപകുമാർ, സുബ്രഹ്മണ്യൻ, പ്രിയരാജ്, പ്രണവ്, അരുൺ ശിവദാസൻ, രജനീഷ്, ദിനരാജൻ, ഷിജു എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
Story Highlights – kadavoor jayan murder case, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here