മൂന്നാര്‍ പെട്ടിമുടിയിലെ മണ്ണിടിച്ചില്‍; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മൂന്നാര്‍ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒന്‍പത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചില്‍ നടക്കുമ്പോള്‍ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. ജെസിബിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് ലയങ്ങള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്.
മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയര്‍ഫോഴ്സിന്റെ സ്പെഷ്യല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയില്‍ നിന്ന് പുറപ്പെട്ട ടീമാണ് നിലവില്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് രാജമലയുടെ ഭാഗമായുള്ള പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. പുറത്തെത്തിച്ചവരെ ടാറ്റ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.
Story Highlights – Munnar Pettimudi Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here