തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 485 പേര്‍ക്ക്; 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ ആശങ്ക ഉയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 485 പേരില്‍ 435 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. 777 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. രോഗബാധ നിയന്ത്രിച്ചു നിര്‍ത്താന്‍ തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തലസ്ഥാന ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 33 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. തീരദേശ മേഖലയില്‍ നിന്ന് തന്നെയാണ് ഇന്നും കൂടുതല്‍ രോഗബാധിതര്‍. അഞ്ചുതെങ്ങില്‍ മാത്രം ഇന്ന് 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുമ്പ, ചൊവ്വര, പൂന്തുറ, ബീമാപ്പള്ളി മേഖലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
നഗരത്തിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കരിമഠം കോളനിയിലും, വഞ്ചിയൂരും വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം വെല്ലുവിളിയാകുന്നുണ്ട്. അതിര്‍ത്തി മേഖലയിലും അതിവേഗം രോഗം പടരുകയാണ്. പാറശാല, അമരവിള, വെള്ളറട, മേഖലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുള്ളത്. ജില്ലയിലിന്ന് പുതുതായി 1604 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19055 ആയി.
Story Highlights – covid confirmed 485 cases In Thiruvananthapuram today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here