കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങും

FLIGHT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനിടെ ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയതായി മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. ഒന്നരമണിക്കൂറിനുള്ളില്‍ എല്ലാവരെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക മുന്‍കരുതല്‍ ഒരുക്കിയായിരിക്കും ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.

ഇന്നലെ രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായി കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Story Highlights karipur airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top