എൻഎച്ച്എം ജീവനക്കാരുടെ ശമ്പളവർധന; ഒരു വിഭാഗത്തെ മാത്രം തഴഞ്ഞെന്ന് പരാതി

കൊവിഡ് കാലത്ത് നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി ജീവനക്കാർക്കായി സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജിൽ ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചതിൽ വ്യത്യാസമെന്ന് പരാതി. കാറ്റഗറി രണ്ടിൽ പെട്ട ഒരു വലിയ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

ശമ്പള വർധന വരുത്തിയ ഉത്തരവിൽ കാറ്റഗറി ഒന്നും കാറ്റഗറി മൂന്നും ജീവനക്കാർക്ക് അംഗീകരിച്ച വേതനത്തിൽ വർധന വരുത്തിയിട്ടുണ്ട്. എന്നാൽ ഇതിനിടയിലുള്ള കാറ്റഗറി രണ്ട് ജീവനക്കാരെ മാത്രം ഇക്കാര്യത്തിൽ അവഗണിച്ചു. 20 ശതമാനം റിസ്‌ക് അലവൻസ് മാത്രമേ ഇവർക്ക് അനുവദിക്കുന്നുള്ളൂ.

Read Also : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പിആർഒ, കോർഡിനേറ്റർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ, അക്കൗണ്ട് വകുപ്പ് സ്റ്റാഫ് എന്നിങ്ങനെ വലിയ വിഭാഗം ജീവനക്കാരാണ് ഇതിലുള്ളത്. എല്ലാവർക്കും കൊവിഡ് കാലത്തെ ജോലി ഭാരം അധികമായിരിക്കെ എല്ലാ വിഭാഗക്കാർക്കും അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരേണ്ടതാണ്. ഈ ന്യൂനത പരിഹരിച്ച് എല്ലാ വിഭാഗക്കാർക്കും ആനുപാതികമായ അടിസ്ഥാന ശമ്പള വർധന അനുവദിക്കാൻ ആവശ്യമായ നടപടികൾ കൂടെ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. യോഗ്യതയും ചെയ്യുന്ന ജോലിയുടെ ഭാരവും കണക്കാക്കിയാല്‍ ഇവരെയും മറ്റ് രണ്ട് കാറ്റഗറിയിലുള്ളവരെപ്പോലെ തന്നെ പരിഗണിക്കേണ്ടതായുണ്ട്.

ഉത്തരവിലെ ശമ്പള വർധനയെ പ്രതിപാദിക്കുന്ന ഭാഗം

എല്ലാ കാറ്റഗറിയിലുള്ള ജീവനക്കാരും കൊവിഡ് പ്രതിരോധത്തിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. ഇതിനിടയിൽ വാളയാർ ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലും റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടിയും അടക്കം രാപ്പകൽ ഇല്ലാതെ നിരന്തരം പ്രവർത്തിക്കുന്ന ഒരു വിഭാഗം ആളുകളുടെ അടിസ്ഥാന ശമ്പളത്തിൽ മാത്രം യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നത് വിവേചനപരമാണെന്നും കാറ്റഗറി രണ്ട് ജീവനക്കാര്‍ പറയുന്നു. എല്ലാ വിഭാഗങ്ങൾക്കും ആനുപാതിക ശമ്പള വർധനവ് സ്വീകരിക്കാത്തതിനാൽ ജീവനക്കാരുടെ ഗ്രേഡിനനുസരിച്ചുള്ള പേ സ്‌കെയിൽ പാലിക്കപ്പെടാതെ പോവുന്നുവെന്നും പരാതി.

Story Highlights nhm workers, salary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top