കളിക്കിടെ മോശം ഭാഷ; ബ്രോഡിനു പിഴയിട്ടത് മാച്ച് റഫറിയായ പിതാവ്

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ മോശം ഭാഷ ഉപയോഗിച്ച ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനു പിഴ വിധിച്ചത് മാച്ച് റഫറി കൂടിയായ പിതാവ് ക്രിസ് ബ്രോഡ്. പാക് താരം യാസിർ ഷായെ പുറത്താക്കിയപ്പോൾ മകൻ മോശം ഭാഷ ഉപയോഗിച്ചു എന്ന് പിതാവ് റിപ്പോർട്ട് ചെയ്യുകയും ഐസിസി സ്റ്റുവർട്ട് ബ്രോഡിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ വിധിക്കുകയും ചെയ്തു. ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ പേരിൽ ചേർക്കുകയും ചെയ്യും.
Read Also : വോക്സും ബട്‌ലറും രക്ഷകരായി; മോശം തുടക്കം ക്ലൈമാക്സിൽ പരിഹരിച്ച് ഇംഗ്ലണ്ട്; ജയം മൂന്നു വിക്കറ്റിന്
അതേ സമയം, നടപടിയോട് രസകരമായി പ്രതികരിച്ച് സ്റ്റുവർട്ട് ബ്രോഡ് രംഗത്തെത്തി. ക്രിസ്തുമസ് കാർഡ് പട്ടികയിൽ നിന്നും സമ്മാനം നൽകുന്ന പട്ടികയിൽ നിന്നും പിതാവിനെ ഒഴിവാക്കി എന്നാണ് താരം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത്. ബ്രോഡിനു പിഴ വിധിച്ചു കൊണ്ടുള്ള ഐസിസിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത ഇംഗ്ലണ്ട് ആരാധകക്കൂട്ടമായ ബാർമി ആർമിക്ക് മറുപടി ആയാണ് ബ്രോഡ് ഇങ്ങനെ കുറിച്ചത്.
മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടര ദിവസം പാകിസ്താൻ കയ്യടക്കിവെച്ചിരുന്ന മത്സരം ഒരു ദിവസം കൊണ്ട് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 3 വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. ജോസ് ബട്‌ലർ, ക്രിസ് വോക്സ് എന്നിവരുടെ മികച്ച ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് ആണ് മത്സരത്തിലെ താരം.
Story Highlights – Stuart Broad fined by father Chris for using inappropriate language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here