എസ്ഡിപിഐയെ നിരോധിക്കണമെന്ന് കർണാടക സർക്കാർ

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കർണാടക സർക്കാർ കത്തയച്ചു.
എസ്ഡിപിഐയേയും പോപ്പുലർ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നില്ല. ബംഗളൂർ സംഘർഷവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കർണാടക സർക്കാർ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
Read Also :ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം; എസ്ഡിപിഐ നേതാവ് അറസ്റ്റിൽ
ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ എസ്ഡിപിഐയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങളെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ച് എസ്ഡിപിഐ കലാപത്തിന് പ്രേരിപ്പിച്ചതായും പൊലീസ് പറയുന്നു. സംഘർഷം നടന്ന പ്രദേശത്ത് പൊലീസ് പൊലീസ് റൂട്ട് മാർച്ച് നടത്തുന്നുണ്ട്.
ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ചൊവ്വാഴ്ചയാണ് അരങ്ങേറിയത്. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൻ പാഷ ഉൾപ്പെടെ 110 പേരാണ് അറസ്റ്റിലായത്.
Story Highlights – SDPI, Karnataka government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here